photo
കൊപ്രാ ഡ്രയർ യൂണിറ്റ്

കരുനാഗപ്പള്ളി: വർഷങ്ങളായി പ്രവർത്തിക്കാതെ കിടന്ന കൊപ്രാ ഡ്രയർ യൂണിറ്റ് സംസ്ഥാന തെങ്ങിൻ തൈ ഉല്പാദന കേന്ദ്രം ഏറ്റെടുത്തു. കേര കർഷകരെ സഹായിക്കാൻ സർക്കാർ ഏർപ്പെടുത്തിയ പച്ചത്തേങ്ങാ സംഭരണത്തിന്റെ ഭാഗമായി കേരഫെഡാണ് കൊപ്ര ഡ്രയർ യൂണിറ്റ് സ്ഥാപിച്ചത് . 7 വർഷം മുമ്പ് 20 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഡ്രയർ ഒരു വർഷം മാത്രമാണ് പ്രവർത്തിച്ചത്. തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സംസ്ഥാന തെങ്ങിൻതൈ ഉല്പാദന കേന്ദ്രത്തിന്റെ കോമ്പൗണ്ടിലായിരുന്നു ഡ്രയർ സ്ഥാപിച്ചത്. കേര കർഷകരിൽ നിന്ന് കൃഷി ഭവൻ വഴി സംഭരിക്കുന്ന പച്ചത്തേങ്ങ ഉണക്കി കൊപ്ര ആക്കാനാണ് ഡ്രയർ യൂണിറ്റ് നിർമ്മിച്ചത്. പച്ചത്തേങ്ങാ സംഭരണം അവതാളത്തിലായതോടെ ഒരു വർഷത്തിനുള്ളിൽ ഡ്രയറിന്റെ പ്രവർത്തനവും നിലച്ചു. തേങ്ങയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനമാണ് കൊപ്രാ ഡ്രയർ യൂണിറ്റിന് പുതുജീവൻ നൽകിയത്. പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും അനുവദിച്ചു. ഡ്രയറിന്റെ അറ്റകുറ്റപ്പണികൾക്കും കറണ്ട് ചാർജ്ജിന്റെ കുടിശ്ശിക അടയ്ക്കുനതിനുമായി കാൽ ലക്ഷത്തോളം രൂപ ചെലവായി.

കൊപ്ര ഉണക്കാം ഈസിയായി !

ഒരു സമയം 12000 നാളീകേരം ഉണക്കി കൊപ്ര ആക്കുന്നതിനുള്ള സംഭരണ ശേഷി ഡ്രയറിനുണ്ട്. കട്ടകൾ കൊണ്ട് കെട്ടി മദ്ധ്യഭാഗം കോൺക്രീറ്റ് ചെയ്ത കള്ളികളുടെ മുകളിൽ ഇരുമ്പ് കമ്പികൾ പാകിയാണ് ഡ്രയർ യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത്. പച്ചത്തേങ്ങ മൂന്ന് ദിവസം കൊണ്ട് കൊപ്രയാക്കി മാറ്റാൻ ഡ്രയർ യൂണിറ്റിന് കഴിയും. തേങ്ങ ഇടുന്നതിനുള്ള കള്ളികളോട് ചേർന്നുള്ള ബോയലറിൽ ചിരട്ട കത്തിക്കും. ഇതിൽ നിന്ന് ഉണ്ടാകുന്ന ചൂടിനെ ഫാൻ ഉപയോഗിച്ച് തേങ്ങ നിരത്തിയിക്കുന്ന കള്ളികളിലേക്ക് കടത്തി വിടും. ഇതരത്തിലാണ് കൊപ്ര ഉണക്കി എടുക്കുന്നത്.

സ്വന്തം എണ്ണ മില്ലും ഉടനെത്തും

ഉണക്കി എടുക്കുന്ന കൊപ്ര കുലശേഖരപുരത്ത് സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഒറ്റാക് എണ്ണ മില്ലിൽ ആട്ടി വെളിച്ചെണ്ണ ഉല്പാദിപ്പിച്ച് പൊതു വിപണിയിൽ വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വർഷം സ്വന്തമായി എണ്ണ മില്ല് കൂടി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ.എസ്.കല്ലേലിഭാഗം മുൻ കൈ എടുത്താണ് കൊപ്ര ഡ്രയർ യൂണിറ്റ് പുനരാരംഭിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതി നടപ്പിലാകുന്നതോടെ കേര കർഷകർക്ക് ഏറെ ഗുണം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തേങ്ങ സംഭരിക്കും

കൊപ്രാ ഡ്രയറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് തെങ്ങിൻ തൈ ഉല്പാദന കേന്ദ്രം നേരിട്ട് കേരകർഷകരിൽ നിന്ന് തേങ്ങ സംഭരിക്കും. സർക്കാർ പ്രഖ്യാപിച്ച 32 രൂപാ താങ്ങ് വിലയിൽ നിന്ന് രണ്ട് രൂപ അധികം കൂട്ടിയാണ് കർഷകരിൽ നിന്ന് തെങ്ങിൻ തൈ ഉല്പാദന കേന്ദ്രം തേങ്ങ സംഭരിക്കുന്നത്. പൊതിച്ചതും മൂപ്പെതിയതുമായ തേങ്ങ കേര കർഷകർ തന്നെ കേന്ദ്രത്തിൽ എത്തിക്കണം.