
കൊല്ലം: തൊഴിലുറപ്പ് പദ്ധതിയിലൂടെ സംസ്ഥാനത്ത് 1.68 കോടി ചതുരശ്രമീറ്റർ കയർ ഭൂവസ്ത്രം വിരിക്കാനുള്ള പദ്ധതി കൊവിഡിൽ കുരുങ്ങിയതോടെ, ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്കയച്ച് കയർ വികസന വകുപ്പ് നടത്തുന്ന സ്പെഷ്യൽ മാർക്കറ്റിംഗ് കാമ്പയിന് മികച്ച പ്രതികരണം.
ഈ മാസം ആരംഭിച്ച കാമ്പയിനിന്റെ ആദ്യ ആഴ്ചയിൽ 8.05 കോടിയുടെ 11.05 ലക്ഷം ചതുരശ്രമീറ്റർ ഭൂവസ്ത്രത്തിന് ഓർഡറായി. 875 തദ്ദേശസ്ഥാപനങ്ങളിലെ തൊഴിലുറപ്പ് പദ്ധതികളിലൂടെ ഈ സാമ്പത്തിക വർഷം 121 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് കയർ കേരളയിൽ ധാരണാപത്രം ഒപ്പുവച്ചത്.
ഈ സാമ്പത്തിക വർഷം 40 കോടിയുടെ കയർ ഭൂവസ്ത്രം മാത്രമാണ് വിറ്റു പോയത്. കൊവിഡ് തൊഴിലുറപ്പ് പ്രവൃത്തികളെ ബാധിച്ചതും വെല്ലുവിളിയായി. സംസ്ഥാനത്തെ 584 കയർ സഹകരണ സംഘങ്ങളിൽ ഉത്പാദിപ്പിച്ച 40,000 കിന്റൽ കയർ കയർഫെഡ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതും പ്രതിസന്ധി വർദ്ധിപ്പിച്ചു..
തദ്ദേശസ്ഥാപനങ്ങൾ ആവിഷ്കരിച്ച പദ്ധതികൾ ഈ സാമ്പത്തിക വർഷം ത പൂർത്തിയാക്കാനായി ഓർഡർ എഴുതി വാങ്ങുന്നു. ലഭിക്കുന്ന ഓർഡറുകൾ അതത് ജില്ലകളുടെ ചുമതലയുള്ള കയർ പൊതുമേഖലാ സ്ഥാപനത്തിന് കൈമാറും. ആവശ്യപ്പെടുന്ന കയർ ഭൂവസ്ത്രം ജോലിസ്ഥലത്ത് എത്തിക്കും.
ഒറ്റ നോട്ടത്തിൽ
2017ൽ കയർ ഭൂവസ്ത്രം വിരിക്കൽ തൊഴിലുറപ്പിന്റെ ഭാഗമാക്കി
ഇതോടെ കയറിന് ലഭിച്ചത് മികച്ച ആഭ്യന്തര വിപണി
584 കയർ സഹകരണ സംഘങ്ങളിലൂടെ ഉത്പാദനം
പദ്ധതിയുടെ ഭാഗമാകുന്നതിൽ 95 ശതമാനവും സ്ത്രീകൾ
മാർക്കറ്റിംഗ് കാമ്പയിനിലൂടെ പുതിയ ചരിത്രം രചിക്കുകയാണ് കയർ വികസന വകുപ്പ്. ഫെബ്രുവരി ഒന്നിന് ആരംഭിച്ച കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
-വി.ആർ. വിനോദ്, ഡയറക്ടർ,
കയർ വികസന വകുപ്പ്