r

# അപകടമുണ്ടാക്കിയാൽ അതിവേഗം ശിക്ഷാ നടപടികൾ

കൊല്ലം: അശ്രദ്ധമായ ഡ്രൈവിംഗിനിടെയുണ്ടാവുന്ന വാഹനാപകടങ്ങളിൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒമാർക്കും അധികാരം നൽകി ഉത്തരവ്. നേരത്തെ ഇത് ആർ.ടി.ഒമാർക്ക് മാത്രമായിരുന്നു. അപകട സ്ഥലത്തിന്റയും അപകടത്തിന്റെയും പരിശോധന ചുമതലയും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒമാർക്ക് നൽകിയിട്ടുണ്ട്.

വാഹന പരിശോധനയ്ക്കു മാത്രം നിയോഗിച്ചിരുന്ന എൻഫോഴ്‌സ്‌മെന്റ് സംഘത്തിന് ഈ ചുമതല കൂടി നൽകുന്നതോടെ മ​റ്റ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനു മുമ്പുതന്നെ ലൈസൻസ് റദ്ദാക്കാനും ശിക്ഷ കടുപ്പിക്കാനും സാധിക്കും. ഹെൽമ​റ്റ് ധരിക്കാത്തതുൾപ്പെടെയുള്ള നിയമ ലംഘനം നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശമുണ്ട്. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതോടൊപ്പം നടപടി ക്രമങ്ങൾ ശക്തമാക്കുകയുമാണ് ലക്ഷ്യം. മാർച്ച് ഒന്നു മുതൽ ചുമതല പ്രാബല്യത്തിലാക്കാനാണ് ഗതാഗത കമ്മിഷണറുടെ നിർദ്ദേശം. ഡ്രൈവിംഗ് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഭരണപരമായ പ്രവർത്തനങ്ങൾ, നിലവിലെന്ന പോലെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ തന്നെ നടപ്പാക്കും.

# എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അധിക ചുമതലകൾ

 ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ കൺവീനർ
 ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ അധികാരം
 അപകട പരിശോധനയുമായി ബന്ധപ്പെട്ട ചുമതല
 പരിശോധന നടത്താൻ എൻഫോഴ്‌സ്‌മെന്റ് വിംഗ് ഉദ്യോഗസ്ഥരെ നിയമിക്കൽ
 പ്രവർത്തനമേഖലകളിൽ അതത് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾക്ക് ചുമതല
 നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ അഭാവത്തിൽ മ​റ്റൊരാൾക്ക് ചുമതല നൽകൽ

# പുതിയ ചുമതല നൽകുമ്പോൾ

 അപകടത്തിന്റെ തീവ്രത, കാരണം എന്നിവ കണക്കിലെടുത്ത് ഉടൻ ലൈസൻസ് റദ്ദ് ചെയ്യാം
 ഗതാഗത നിയമലംഘനത്തിനും സംഭവ സ്ഥലത്തു തന്നെ നടപടി
 അപകടത്തിൽപ്പെട്ട വാഹനത്തിന്റെ പരിശോധന, ഫി​റ്റ്‌നസ് നടപടി വേഗത്തിലാകും
 ലൈസൻസ് റദ്ദ് ചെയ്യാൻ നിലവിലുള്ള ശുപാർശ നടപടികൾക്ക് വിരാമം
 പൊലീസിന്റെ നടപടിക്രമങ്ങൾക്കും വേഗം കൈവരും

................................
# സംസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ: 14 (ജില്ലയിൽ ഒന്നുവീതം)

...........................................

 ജില്ലയിൽ എൻഫോഴ്‌സ്‌മെന്റ് ആസ്ഥാനം: കൊട്ടാരക്കര

 സ്‌ക്വാഡുകൾ: 07

 പ്രവർത്തന റൂട്ടുകൾ: 15

...............................................

# സ്‌ക്വാഡും പ്രവർത്തന റൂട്ടുകളും

1. കൊട്ടിയം ശക്തികുളങ്ങര, ബൈപ്പാസ്, കൊല്ലം നഗരം

2. കൊട്ടിയം പാരിപ്പള്ളി, ചാത്തന്നൂർ എ.സി.പി അധികാര പരിധി

3. കൊട്ടാരക്കര താലൂക്ക്

4. ഏനാത്ത് നിലമേൽ എം.സി റോഡ്

5. ശക്തികുളങ്ങര പുതിയകാവ് , കരുനാഗപ്പള്ളി താലൂക്ക്

6. പുനലൂർ, പത്തനാപുരം താലൂക്കുകൾ

7. പുതിയകാവ് ഓച്ചിറ, കുന്നത്തൂർ