
കൊല്ലം: കൊവിഡ് പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ മെഡിക്കൽ ലബോറട്ടറികളുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നതാണ് സർക്കാരിന്റെ തീരുമാനമെന്നും പരിശോധനാ നിരക്ക് കുത്തനെ കുറയ്ക്കുന്നതിലൂടെ ഗുണമേന്മയില്ലാത്ത സാമഗ്രികൾ ഉപയോഗിച്ച് പരിശോധന നടത്തുന്ന രീതിയിലേക്ക് പല ലാബുകളും മാറുമെന്നും അവർ പറഞ്ഞു. പരിശോധനാ ഫലത്തിനെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. യാതൊരു മാനദണ്ഡവുമില്ലാതെ കൊവിഡ് പരിശോധന നിരക്ക് കുറച്ച നടപടി പിൻവലിക്കണമെന്നും ചർച്ചയ്ക്ക് പോലും സന്നദ്ധത കാണിക്കാതെ വീണ്ടും നിരക്ക് കുറച്ചത് സർക്കാരിന്റെ ഏകപക്ഷീയമായ നിലപാടാണ് വ്യക്തമാക്കുന്നത്. സർക്കാരിന്റെ നടപടിക്കെതിരേയുള്ള പ്രക്ഷോഭത്തിന്റെ ആദ്യപടിയായാണ് ധർണയെന്നും ഭാരവാഹികൾ പറഞ്ഞു. മെഡിക്കൽ ലബേറട്ടറി ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിജോയ് വി. തോമസ്, ജില്ലാ പ്രസിഡന്റ് വിജയൻപിള്ള, സെക്രട്ടറി സത്താർ, ട്രഷറർ ഐസക്, ചന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.