കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ചീവോട് സ്ഥിതി ചെയ്യുന്ന കോലിഞ്ചിമലയിലെ പാറഖനനം പുനരാരംഭിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ജനവാസമേഖലയ്ക്ക് സമീപം ഖനനം നടത്തുന്നതിനാൽ പ്രദേശവാസികളും ആശങ്കയിലാണ്.
നാലു വർഷങ്ങൾക്ക് മുൻപ് കോലിഞ്ചിമലയിൽ ഖനനം നടന്നിരുന്നു. അന്ന് പ്രദേശവാസികളുടെ പ്രതിഷേധത്തെതുടർന്ന് നിയമതടസം വന്നതോടെ ക്വാറിയുടെ പ്രവർത്തനം നിറുത്തി വെക്കുകയായിരുന്നു.
ജനവാസഭൂമികൾ വിലയ്ക്ക് വാങ്ങി ക്വാറിയുടമകൾ
വിളക്കുടി ഗ്രാമപഞ്ചായത്ത് മുൻ ഭരണ സമിതി 2020ൽ വീണ്ടും ക്വാറി പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകുകയായിരുന്നു. 2023 മാർച്ച് വരെയാണ് ലൈസൻസിന്റെ കാലാവധി. അതിനിടയിൽ ക്വാറിയുടമകൾ ജനവാസമുണ്ടായിരുന്ന പ്രദേശത്തെ ഭൂരിഭാഗം ഭൂമികളും വിലയ്ക്ക് വാങ്ങി ക്വാറിയുടെ ഭാഗമാക്കി. ചിലരാകട്ടെ ക്വാറിക്കെതിരെ നിയമ പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ട് തങ്ങളുടെ ഭൂമി കിട്ടിയ വിലയ്ക്ക് വിറ്റിട്ട് പോയി. നിലവിൽ നാൽപ്പതോളം ഏക്കർ ഭൂമിയാണ് ക്വാറിക്കുള്ളത്. അതിൽ ചെമ്പുമല കുടിവെള്ള പദ്ധതിയുടെ അൻപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കും വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് സ്ഥലവും വഴിയും ഉൾപ്പെടുന്നു.
പഞ്ചായത്തംഗങ്ങൾ അറിഞ്ഞില്ലെന്ന് ആരോപണം
നെടുവത്തൂർ വല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ് പാറഖനനത്തിന് അന്നത്തെ ഇടതുമുന്നണി ഗ്രാമപഞ്ചായത്ത് ഭരണസമിതി ലൈസൻസ് നൽകിയത്. അനുബന്ധ രേഖകളോടൊപ്പം ലൈസൻസ് ഫീസും മോട്ടോർ ഫീസും തൊഴിൽകരവുമടക്കം 28,500 രൂപയാണ് ക്വാറി ഉടമകൾ ലൈസൻസ് ലഭിക്കാൻ വേണ്ടി പഞ്ചായത്തിൽ അടച്ചത്. അതേ സമയം മുൻ ഇടതുമുന്നണി ഭരണസമതിയുടെ അവസാന കാലത്ത് നൽകിയ ലൈസൻസിനെക്കുറിച്ച് അന്നത്തെ ഭരണസമിതിയിലെ പല അംഗങ്ങൾക്കും അറിവില്ലായിരുന്നെന്നും ആരോപണമുണ്ട്. ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച നടത്താതെ തീരുമാനമെടുത്ത് ലൈസൻസ് നൽകാൻ എഴുതിച്ചേർക്കുകയായിരുന്നു എന്ന ആക്ഷേപവുമുണ്ട്.
അനധികൃത നിർമ്മാണവും
കഴിഞ്ഞ ദിവസം പുതിയ ക്രഷർ യൂണിറ്റും മറ്റ് യന്ത്രസംവിധാനങ്ങളും കോലിഞ്ചിമലയിലെ ക്വാറിയിൽ എത്തിച്ചിരുന്നു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിളക്കുടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ സ്ഥലം സന്ദർശിച്ചു. പരിശോധിച്ചപ്പോൾ ക്വാറിയ്ക്ക് ആവശ്യമായ പുതിയ യന്ത്രങ്ങൾ കൊണ്ട് വന്നതിന് പുറമേ അനുമതി നേടാതെ അനധികൃതമായി നിർമ്മിക്കുന്ന പുതിയ കെട്ടിടവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തിനെക്കുറിച്ച് വിശദമായി അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.