കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന പദ്ധതികൾക്ക് മുൻകൈയെടുക്കണമെന്ന് മന്ത്റി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കര നഗരസഭയിൽ ചേർന്ന പ്രത്യേക യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രണ്ടാംഘട്ട അമൃത് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണം. ജലവിതരണ ശൃംഖലയുടെയും സംഭരണ സംവിധാനത്തിന്റെയും പദ്ധതികൾക്ക് അംഗീകാരം നേടണം. സമയബന്ധിതമായി പദ്ധതി സമർപ്പിക്കാനായില്ലെങ്കിൽ അമൃതിന്റെ പ്രയോജനം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര നഗരസഭ ചെയർമാൻ ഷാജു, വൈസ് ചെയർപേഴ്‌സൺ അനിത ഗോപകുമാർ, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.