
കൊല്ലം: ഓൺലൈൻ ടെലി മെഡിസിൻ സംവിധാനമായ ഇ - സഞ്ജീവനിയിൽ പോസ്റ്റ് കൊവിഡ് ഒ.പി സേവനം ലഭ്യമായി തുടങ്ങി. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്രവർത്തനം. കൊവിഡാനന്തരമുണ്ടാകുന്ന വിട്ടുമാറാത്ത ചുമ, ശ്വാസതടസം, കിതപ്പ്, നെഞ്ചുവേദന, നെഞ്ചിൽ ഭാരം കയറ്റിവച്ചത് പോലുള്ള തോന്നൽ, തലവേദന, തലകറക്കം, ഓർമ്മക്കുറവ്, ഏകാഗ്രത നഷ്ടപ്പെടൽ, ഉറക്കക്കുറവ്, ആശയക്കുഴപ്പം, പേശീ വേദന, സന്ധിവേദന, അകാരണമായ ക്ഷീണം, കാൽപാദങ്ങളിൽ ഉണ്ടാകുന്ന നീർവീക്കം, മാനസിക പ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള ചികിത്സ ഇതുവഴി ലഭ്യമാകും. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്‌തെടുക്കാം. കുറിപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകളും പരിശോധനയും സൗജന്യമായി ലഭ്യമാകും. മെഡിക്കൽ കോളേജിലെ വിദഗ്ദ്ധരുടെ കീഴിൽ പരിശീലനം ലഭിച്ച ഡോക്ടർമാരാണ് ഇ - സഞ്ജീവനി പോസ്റ്റ് കൊവിഡ് ഒ.പി വഴി സേവനം നൽകുന്നത്. ഇതുകൂടാതെ കൊവിഡ് ഒ.പിയിൽ രോഗികൾക്ക് 24 മണിക്കൂറും സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ഇ - സഞ്ജീവനി വഴി ഡോക്ടറെ കാണാൻ
1. https://esanjeevaniopd.in വെബ്‌സൈറ്റ് സന്ദർശിക്കുക
2. അല്ലെങ്കിൽ പ്ളേസ്റ്റോറിൽ നിന്ന് ഇ -സഞ്ജീവനി ആപ്പ് ഡൗൺലോഡ് ചെയ്യുക
3. മൊബൈൽ നമ്പരുപയോഗിച്ച് രജിസ്റ്റർ ചെയ്യുക
4. ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
5. രോഗിയുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക
6. ടോക്കൺ ആവശ്യപ്പെട്ട് സന്ദേശം വാങ്ങുക
7. എസ്.എം.എസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക
8. കാൾ നൗ ഐക്കണിലൂടെ ഡോക്ടറുമായി സംസാരിക്കുക
9. വീഡിയോ കാൾ സൗകര്യത്തിനുള്ള ബട്ടൺ ഉപയോഗിക്കുക
10. മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്യുക
ലഭ്യമാകുന്ന മറ്റ് പ്രധാന ഒ.പികൾ (എല്ലാ ദിവസവും)
ഹോമിയോ - രാവിലെ 9 മുതൽ ഉച്ചയ്ക് 2 വരെ
ആയുർവേദം - രാവിലെ 9 മുതൽ ഉച്ചയ്ക് 2 വരെ
ജനറൽ - രാവിലെ 8 മുതൽ രാത്രി 8 വരെ
മാനസികാരോഗ്യം - രാവിലെ 9 മുതൽ ഉച്ചയ്ക് 1 വരെ
ഫോൺ (ദിശ) 104, 1056, 0471 2552056, 2551056