കൊല്ലം: അപകടക്കെണിയായി മാറിയ കൊല്ലം കമ്മിഷണർ ഓഫീസ് റെയിൽവേ ഓവർബ്രിഡ്ജ് റോഡിന്റെ നവീകരണ ജോലികൾ ഈ ആഴ്ച ആരംഭിക്കും.

റോഡിലെ മെറ്റലും ടാറും ഇളകി വലിയ കുഴികൾ രൂപപ്പെട്ട് യാത്ര ദുഷ്കരമായിട്ട് നാളുകളായിരുന്നു. ദിവസങ്ങൾ കഴിയുംതോറും കുഴികളുടെ എണ്ണവും വ്യാപ്തിയും വർദ്ധിച്ചു കൊണ്ടിരുന്നു. യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി 'കേരളകൗമുദി'

നിരവധി തവണ വാർത്തകൾ നൽകിയിരുന്നു. ഇതിനിടെ പാലത്തിന്റെ കൈവരി പെയിന്റ് ചെയ്തെങ്കിലും കുഴികളുടെ കാര്യത്തിൽ നടപടി ഉണ്ടായില്ല. റോഡിന്റെ തകർച്ചയ്ക്കു പിന്നാലെ പാലത്തിന്റെ ഇരുമ്പ് ജോയിന്റുകൾ ഇളകി മാറിയതും വാഹനയാത്രയ്ക്ക് ഭീഷണിയായി.

സ്ളാബുകളിൽ നിന്ന് കോൺക്രീറ്റ് ഇളകി മാറിയ സ്ഥാനത്ത് വലിയ കുഴികൾ രൂപപ്പെട്ടു. ഇവിടെ കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ്. വാഹനങ്ങൾ പോകുമ്പോൾ ഇരുമ്പ് ജോയിന്റുകൾ വലിയ ശബ്ദത്തോടെ ഇളകുന്നുണ്ട്. ഈ ജോയിന്റുകളിൽ തട്ടി വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്

എക്സ്പാൻഷൻ ജോയിന്റിന്റെ ജോലികൾ നടത്തേണ്ടത് ബ്രിഡ്ജസ് വിഭാഗമാണ്. റോഡ് അറ്റകുറ്റപ്പണികൾക്കൊപ്പം എക്സ്പാൻഷൻ ജോയിന്റ് ബലപ്പെടുത്തുന്ന ജോലികളും നടത്തുമെന്നാണ് ബ്രിഡ്ജസ് വിഭാഗം പറയുന്നത്.

ഓവർബ്രിഡ്ജിന്റെ ടാറിംഗിന് കരാർ നൽകി. എഗ്രിമെന്റ് വച്ചു. ജോലികൾ ഈ ആഴ്ച ആരംഭിക്കും

പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനീയർ