1-
പുതുതായി കെ 9 സ്‌ക്വാഡിലെത്തിയ റോണിയിൽ നിന്ന് സിറ്റി പൊലീസ് കമ്മിഷണർ സല്യൂട്ട് സ്വീകരിക്കുന്നു

# മൂന്ന് അവാർഡുകൾ സ്വന്തമാക്കി സിറ്റി പൊലീസിന്റെ ശ്വാനസേന

കൊല്ലം: മികച്ച പൊലീസ് നായ്ക്കൾക്കുളള സംസ്ഥാനത്തെ മൂന്ന് അവാർഡുകൾ സ്വന്തമാക്കി കൊല്ലം സി​റ്റി പൊലീസിലെ കെ-9 സ്‌ക്വാഡ് (ശ്വാനസേന). സ്‌ക്വാഡിലെ ലാബ് ഇനത്തിൽപ്പെട്ട രേണു, റീന, ഹണ്ടർ എന്നീ നായ്ക്കളാണ് 2018 മുതൽ 2021 വരെയുള്ള പ്രവർത്തനത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ എക്‌സലന്റ് അവാർഡ് കരസ്ഥമാക്കിയത്.

സ്‌ഫോടക വസ്തുക്കൾ മണത്ത് കണ്ടെത്തുന്ന എട്ടു വയസുകാരി രേണു, ട്രാക്കർ ഇനത്തിൽ പ്രാവീണ്യം നേടിയ എട്ടു വയസുകാരി റീന, മയക്കുമരുന്ന് ഉത്പന്നങ്ങൾ കണ്ടു പിടിക്കുന്ന ആറ് വയസുകാരൻ ഹണ്ടർ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായവർ. മൂന്ന് ഇനങ്ങളിലും ഒരുമിച്ച് അവാർഡിന് അർഹമായത് കൊല്ലം സി​റ്റി കെ - 9 സ്‌ക്വാഡാണ്. കഴിഞ്ഞ ദിവസം തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അവാർഡുകൾ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിൽ നിന്നു സ്‌ക്വാഡ് ഏ​റ്റുവാങ്ങി.

മൂവരെയും കൂടാതെ രണ്ടുവയസുള്ള ചിപ്പിപ്പാറ ഇനത്തിലെ പൊന്നി, ബൽജിയം മാലിനോയിസ്
ഇനത്തിലെ സാക്ഷ, കഴിഞ്ഞ ദിവസമെത്തിയ മാലിനോയിസ് ഇനം റോണിയുമാണ് കെ-9 സ്‌ക്വാഡിലെ അംഗങ്ങൾ. അജേഷ്, ശ്രീകുമാർ, അനീഷ്, മനോജ്കൃഷ്ണൻ, റോബിൻസൺ, വിനോദ്, ശ്രീജു, സുമിത്ത്, ഉണ്ണി, നിഖിൽ, ഷിബു, ജിത്തു എന്നിവരാണ് കെ-9 സ്‌ക്വാഡിലെ പരിശീലകർ. പുരസ്‌കാരം നേടിയ നായ്ക്കളെ സി​റ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ അഭിനന്ദിച്ചു. ചടങ്ങിൽ അഡീ. എസ്.പി ജോസി ചെറിയാൻ, സി ബ്രാഞ്ച് എ.സി.പി സോണി ഉമ്മൻ കോശി എന്നിവർ പങ്കെടുത്തു. പുതുതായി സംഘത്തിൽ ചേർന്ന റോണിയിൽ നിന്നു കമ്മിഷണർ സല്യൂട്ട് സ്വീകരിച്ചു.