
കൊല്ലം: കണ്ണനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച രണ്ടു ക്രിമിനൽ കേസ് പ്രതികളെ ഇരവിപുരം പൊലീസ് പിടികൂടി. കിളികൊല്ലൂർ ചാമ്പക്കുളം സ്വദേശികളായ നക്ഷത്രനഗർ 67ൽ സജോഭവനിൽ സജിൻ (27, സച്ചു), നക്ഷത്രനഗർ 94ൽ പൂമുഖത്ത് വടക്കതിൽ ലതികേഷ് (39) എന്നിവരാണ് പിടിയിലായത്. ലതികേഷ് കിളികൊല്ലൂർ, ഇരവിപുരം, കൊല്ലം ഈസ്റ്റ് സ്റ്റേഷനുകളിൽ വധശ്രമമുൾപ്പെടെ 18 ഓളം കേസിലും സജിൻ ഏഴോളം വധശ്രമ കേസുകൾ ഉൾപ്പെടെ 15 ഓളം കേസുകളിലും പ്രതിയാണ്. സജിൻ കാപ്പാ പ്രകാരം കരുതൽ തടങ്കലിലും കഴിഞ്ഞിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് ഇവർ ഇരുവരും യാത്ര ചെയ്ത ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് കൊച്ചു ഡീസന്റ്മുക്കിൽ വച്ച് ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചത്. തലയ്ക്കും കൈകൾക്കും
ഗുരുതരമായ പരിക്കേറ്റ ഡ്രൈവർ മിഥുൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, ദിനേഷ്‌കുമാർ, ജയകുമാർ, ഷാജി, എ.എസ്.ഐ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.