
നിലവിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളുടെ സ്ഥാനം ക്വാണ്ടം കമ്പ്യൂട്ടറുകൾ ഉടൻ ഏറ്റെടുക്കാൻ സാദ്ധ്യതയേറെ. ഇപ്പോൾ ഏറ്റവും വേഗമാർന്ന സൂപ്പർ കമ്പ്യൂട്ടറുകൾക്ക് ചെയ്യാവുന്ന കണക്കുകൂട്ടലിനേക്കാളും 1057 മടങ്ങ് കഴിവുള്ളവരാണ് ക്വാണ്ടം കമ്പ്യൂട്ടറുകൾ. മറ്റു രാജ്യങ്ങളിൽ ഇത് വ്യാപിക്കുമ്പോൾ നമ്മുടെ നാട് പിന്നിലാവരുത്.
എന്താണ് ക്വാണ്ടം കമ്പ്യൂട്ടർ?
1900 ഡിസംബറിലാണ് ജർമൻ ഭൗതിക ശാസ്ത്രജ്ഞനായ മാക്സ് പ്ലാങ്ക് ക്വാണ്ടം സിദ്ധാന്തം അവതരിപ്പിച്ചത്. അന്ന് ആൽബർട്ട് ഐൻസ്റ്റീൻ ഉൾപ്പെടെയുള്ളവർ അത് അംഗീകരിച്ചിരുന്നില്ല. പക്ഷേ ക്വാണ്ടം സിദ്ധാന്തത്തിലൂടെ, മനുഷ്യന് ലഭിച്ച വിഭവങ്ങളിൽ ചിലതാണ് ടെലിവിഷനും ലേസർ ടോർച്ചുകളും അണുശക്തിയും ജനറ്റിക് എൻജിനീയറിംഗും തുടങ്ങിയവ എന്ന് ഇപ്പോൾ എല്ലാവരും സമ്മതിക്കും. ഇതോടൊപ്പം വരുന്നതാണ് ക്വാണ്ടം കമ്പ്യൂട്ടിംഗും ക്വാണ്ടം ടെലിപോർട്ടേഷനും. ഇപ്പോൾ ഇപയോഗിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറുകളിൽ ഒരു സമയത്ത് ഒന്നുകിൽ ഒന്ന് (1) അല്ലെങ്കിൽ പൂജ്യം (0) ഈ രണ്ട് അക്കങ്ങൾ, ബിറ്റുകൾ, ഉപയോഗിച്ചാണ് കണക്കുകൂട്ടലുകളെല്ലാം നടത്തുന്നത്. നിലവിലുള്ള സൂപ്പർ കമ്പ്യൂട്ടറുകൾക്ക് പോലും വേഗം അത്ര പോര. പക്ഷേ ക്വാണ്ടം കമ്പ്യൂട്ടറിൽ കണക്ക് കൂട്ടലിന് ഉപയോഗിക്കുന്നത് ക്യുബിക്കുകളാണ്. ഇതിൽ ഒന്നും പൂജ്യവും ഒരേ സമയത്ത് ഉപയോഗിക്കാം.
ഗൂഗിൾ നിർമ്മിച്ച 53 ക്യുബിക്കുകളുള്ള സെക്കമാർ പ്രോസസർ ക്വാണ്ടം കമ്പ്യൂട്ടർ 200 സെക്കൻഡു കൊണ്ട് ചെയ്യുന്ന കണക്കുകൂട്ടലുകൾ, ലോകത്ത് നിലവിലുള്ള ഏറ്റവും ശക്തനായ സൂപ്പർ കമ്പ്യൂട്ടർ ചെയ്തു തീർക്കാൻ 10,000 വർഷങ്ങൾ വേണ്ടിവന്നേക്കും. പ്രോസസറിലെ ക്യുബിക്കുകളുടെ എണ്ണം കൂടുന്നതനുസരിച്ച് വേഗം കൂടും. ഒട്ടനവധി കമ്പനിക്കാർ ഇതിന്റെ നിർമ്മാണ മേഖലയിലുണ്ട്. അവരെ നേരിടുന്ന പ്രധാനപ്രശ്നം ഈ കമ്പ്യൂട്ടറുകൾ ആത്മാർത്ഥമായി പണിയെടുക്കണമെങ്കിൽ അവയെ ഏതാണ്ട് പൂജ്യം ഡിഗ്രി കെൽവിനോടടുത്ത ഊഷ്മാവിൽ നിലനിറുത്തണം. ഐസിന്റെ ഊഷ്മാവിനേക്കാളും താഴേക്ക് വീണ്ടും ഏതാണ്ട് 273 ഡിഗ്രി. ഈ ഊഷ്മാവിൽ ഹീലിയം വാതകത്തിന് രൂപമാറ്റമുണ്ടാവും. എന്നിരുന്നാലും 5000 ഡോളർ, ഏകദേശം 4 ലക്ഷം രൂപ കൊടുത്താൽ ചൈനയിലെ ഷെൻചൻ സ്പിൻക്യൂ കമ്പനി, ഒരു ഡസ്ക് ടോപ്പ് ക്വാണ്ടം കമ്പ്യൂട്ടർ ഉണ്ടാക്കിത്തരും. 'വിലമതിയാ വിളക്ക്' എന്നാണ് ഈ കമ്പ്യൂട്ടറിന്റെ വിളിപ്പേര്.
velvivek16@gmail.com