കൊട്ടാരക്കര: ചുട്ടുപൊള്ളുന്ന വേനലിൽ തെല്ലൊരാശ്വാസമായി മഴ. കഴിഞ്ഞ ദിവസം താലൂക്കിന്റെ മിക്ക ഭാഗങ്ങളിലും വേനൽ മഴ പെയ്തിറങ്ങി. വൈകിട്ട് മൂന്നു മണിയോടെ കുളക്കടയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ യുണ്ടായി. അരമണിക്കൂറിനു ശേഷമാണ് കൊട്ടാരക്കരയിലും മറ്റു സമീപ പ്രദേശങ്ങളിലും മഴ പെയ്യാൻ തുടങ്ങിയത്. കൊട്ടാരക്കരയിൽ മഴ ആരംഭിക്കുന്നതിന് അര മണിക്കൂർ മുന്നേ തന്നെ തണുത്ത കാറ്റുണ്ടായിരുന്നു. കരിഞ്ഞുണങ്ങിത്തുടങ്ങിയ കാർഷിക വിളകൾക്കും ചെടികൾക്കും അതിലുപരി കർഷക മനസിനും മഴ ഏറെ കുളിരു പടർത്തി. കുംഭ മഴ നന്നായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കുളക്കട ആറ്റുവാശ്ശേരി, മാവടി, പുത്തൂർ , ആനക്കോട്ടൂർ, നെടുവത്തൂർ, തേവലപ്പുറം, അമ്പലപ്പുറം, മൈലം, പട്ടാഴി, കൊട്ടാരക്കര, ഓടനാവട്ടം, വെളിയം, എഴുകോൺ, കരീപ്ര തുടങ്ങി താലൂക്കിന്റെ മിക്ക പ്രദേശങ്ങളിലും വേനൽ മഴ ലഭിച്ചു.