phot
വ്യജ നോട്ട് കേസിൽ ഇന്നലെ പൊലിസ് പിടികൂടിയ പ്രതികൾ

പുനലൂർ: വ്യാജ നോട്ട് നൽകി മദ്യം വാങ്ങിയ കേസിലെ രണ്ട് പേരെ കൂടി തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ആര്യങ്കാവ് കോട്ടവാസൽ ചാരുംമൂട് വീട്ടിൽ ഷിനു(36), ചെങ്ങന്നൂർ മുളക്കുഴ ആരീക്കര റിയാസ് മൻസിലിൽ സിയാസ്(30) എന്നിവരെയാണ് പിടി കൂടിയത്. സംഭവത്തിലെ ഒന്നും രണ്ടും പ്രതികളും ആര്യങ്കാവ് സ്വദേശികളുമായ ഡേവിഡ്, മത്തായി സാമുവേൽ എന്നിവരെ മൂന്ന് ദിവസം മുമ്പ് തെന്മല പൊലീസ്അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. തെന്മലയിലെ ബിവറേജസ് കോർപ്പറേഷന്റെ വിദേശമദ്യ ചില്ലറ വിൽപ്പന ശാലയിൽ എത്തിയ പ്രതി 100ന്റെ 6 നോട്ടുകൾ നൽകി മദ്യം വാങ്ങാൻ ശ്രമിച്ചു. നോട്ട് കണ്ട മാനേജർക്ക് സംശയം തോന്നിയതിനെ തുടർന്ന് തെന്മല പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ 100ന്റെ 14 നോട്ടുകൾ കൂടി കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അന്ന് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ കൂടി പിടികൂടിയത്. ഇവരെ ഇന്നലെ പുനലൂർ കോടതിയിൽ ഹാജരാക്കി.