കൊല്ലം: കാർത്തി നായകനായ കൈദി എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കുന്നതും ആദ്യ ഭാഗത്തിന് റീമേക്കുകൾ ഇറക്കുന്നതും തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. ടൂറിസം സംരംഭകനായ കൊല്ലം മുഖത്തല രജനി ഭവനിൽ രാജീവ് ഫെർണാണ്ടസ് നൽകിയ ഹർജിയിലാണ് 2021 ജൂലായ് ഒന്നിന് റീമേക്കുകളും രണ്ടാം ഭാഗവും തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടത്.
സിനിമ പുറത്തിറങ്ങി ഒരുവർഷത്തിനുശേഷം ടി.വിയിൽ കണ്ടപ്പോഴാണ് തന്റെ കഥ സിനിമയായെന്ന് അറിഞ്ഞതെന്നും താനെഴുതിയ കഥയാണതെന്നും രാജീവ് കോടതിയിൽ പറഞ്ഞിരുന്നു. എഴുത്തുകാരനും സംവിധായകനുമായ ലോകേഷ് കനകരാജ്, സിനിമയുടെ നിർമ്മാതാക്കളായ എസ്.ആർ. പ്രഭു, എസ്.ആർ. പ്രകാശ് ബാബു എന്നിവരെ പ്രതിചേർത്തുകൊണ്ട് ജില്ലാ സെഷൻസ് കോടതി വിശദമായ വാദം കേട്ടിരുന്നു. എന്നാൽ പരസ്പരം കണ്ടിട്ടില്ലാത്ത ഇരുകൂട്ടരും കഥാസാരം പങ്കുവയ്ക്കാനുള്ള സാദ്ധ്യത കണ്ടെത്താൻ കഴിഞ്ഞില്ല. രാജീവ് നിരത്തിയ തെളിവുകൾ കഥ തന്റേതാണെന്ന് തെളിയിക്കാൻ അപര്യാപ്തമാണെന്ന് കണ്ടെത്തിയാണ് അഡീഷണൽ ജില്ലാസെഷൻസ് ജഡ്ജ് എം. മനോജ് പഴയ ഉത്തരവ് റദ്ദാക്കിയത്. സിനിമയുടെ നിർമ്മാതാക്കൾക്ക് വേണ്ടി അഡ്വ. വി. ഹരിപ്രസാദും സംവിധായകനുവേണ്ടി അഡ്വ. മങ്ങാട് സി.എസ്. സുനിലും ഹാജരായി.