കൊട്ടാരക്കര: ഇഞ്ചക്കാട് തിരുവേളിക്കോട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ മോഷണശ്രമം. പൊലീസെത്തിയപ്പോൾ മോഷ്ടാക്കൾ ഓടിമറഞ്ഞു. ഇന്നലെ പുലർച്ചെയാണ് സംഭവം. ക്ഷേത്രത്തിൽ എല്ലാദിവസം പുലർച്ചെ മൂന്നരയ്ക്ക് പൊലീസ് പട്രോളിംഗ് സംഘം എത്താറുണ്ട്. എന്നാൽ ഇന്നലെ ഒന്നര മണിക്കൂർ മുന്നേ പൊലീസ് എത്തി. പൊലീസ് എത്തിയപ്പോൾ ക്ഷേത്ര ഓഫീസിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അതിനുള്ളിലെ മൂന്ന് അലമാരകളും രണ്ട് മേശവലിപ്പുകളും കുത്തിത്തുറന്നിരുന്നു. ഫ്യൂസ് ഊരിമാറ്റി വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമായിരുന്നു മോഷ്ടാക്കൾ അകത്ത് കടന്നത്. പൊലീസ് എത്തിയപ്പോൾ മോഷ്ടാക്കൾ ഇറങ്ങി ഓടുകയായിരുന്നു. അതുകൊണ്ടുതന്നെ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ധരെത്തി തെളിവെടുത്തു. രണ്ട് ദിവസം മുൻപ് നാല് കിലോ മീറ്റർ അകലെ കുളക്കടയിലും രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടന്നിരുന്നു.