photo
പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രം

രണ്ടാം ഘട്ടം: 1 കോടി 7 ലക്ഷം

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുത്തൂരിൽ തുടങ്ങിയ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് പദ്ധതിയായി. ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്നും അനുവദിച്ച 1 കോടി 7 ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ടാം നിലയുടെ നിർമ്മാണം. സംസ്ഥാന ഹൗസിംഗ് ബോർഡിനാണ് നിർമ്മാണ ചുമതല. അഞ്ച് മാസം കൊണ്ട് രണ്ടംഘട്ട നിർമ്മാണം പൂർത്തിയാകും. താഴത്തെ നിലയുടെ അതേ മാതൃകയിൽ മുകളിലോട്ടും നിർമ്മിക്കാനാണ് തീരുമാനം. ഇവിടെ അടുക്കള ഒഴിവാക്കും. നിലവിൽ 19 അന്തേവാസികളാണ് സായന്തനത്തിലുള്ളത്. 24 പേർക്ക് താമസിക്കാനുള്ള സൗകര്യം ഇപ്പോഴുണ്ട്. രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയാകുന്നതോടെ 50 പേർക്ക് താമസിക്കാനുള്ള ഇടമാകും. കൊവിഡ് അടക്കം പ്രത്യേക പരിചരണം വേണ്ട ഘട്ടങ്ങളിൽ താമസിപ്പിക്കേണ്ടവർക്കായി രണ്ട് മുറികളും തയ്യാറാക്കുന്നുണ്ട്. പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിലാണ് സായന്തനം പ്രവർത്തിച്ചുവരുന്നത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കരീപ്രയിലെ ശരണാലയവും ഗാന്ധിഭവന്റെ ചുമതലയിലാണ് പ്രവർത്തിക്കുന്നത്.

നിർമ്മാണോദ്ഘാടനം

രണ്ടാം ഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ നിർവഹിക്കും. വൈസ് പ്രസി‌ഡന്റ് സുമാലാൽ അദ്ധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ.എസ്.കല്ലേലിഭാഗം, സെക്രട്ടറി ബിനുൻ വാഹിദ്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ശശികല പ്രകാശ്, ഗാന്ധിഭവൻ ജനറൽ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡംഗവുമായ ഡോ.പുനലൂർ സോമരാജൻ, ബ്ളോക്ക് പഞ്ചായത്തംഗം ജെ.കെ.വിനോദിനി, വാർഡ് മെമ്പർ ആർ.ഗീത, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, കെ.എസ്.എച്ച്.ബി എക്സി.എൻജിനീയർ പി.ആർ.സന്തോഷ് കുമാർ എന്നിവർ സംസാരിക്കും.