പാരിപ്പള്ളി: തിരക്കേറിയ കുളമട ഒായൂർ പാതയുടെ നിർമ്മാണം മുടങ്ങി മാസങ്ങളായിട്ടും നടപടിയില്ല. എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച അഞ്ചുകോടി ചെലവഴിച്ച് ആരംഭിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് മുടങ്ങിയത്.
ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. അഞ്ചു കിലോമീറ്റർ നീളമുള്ള പാതയുടെ ഭാഗം പുനർനിർമ്മിക്കാൻ വേണ്ടി ഏഴിടത്ത് മെറ്റൽ നിരത്തിയതോടെ ഗതാഗതം അസാദ്ധ്യമായ അവസ്ഥയാണ്. .കൂടാതെ പൊടിശല്യവും അസഹനീയമാണ്. ഗുണനിലവാരമുള്ള സാധനങ്ങൾ ഉപയോഗിച്ച് നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. സിമ്മിലാലിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകി. ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.