
കൊല്ലം: റോഡരികിൽ നിൽക്കവേ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്രവാസി വ്യവസായിക്ക് 5.76 കോടി നഷ്ട പരിഹാരം. ശാസ്‌താംകോട്ട ജെമിനി ഹൈറ്റ്സ് ഉടമ കുന്നത്തൂർ ശാസ്താംകോട്ട വില്ലേജിൽ ജെമിനി ദാസിനാണ് (55) വൻ തുക നഷ്ടപരിഹാരവും ഹർജി തീയതി മുതൽ തുക ഈടാക്കുന്നതു വരെ വർഷം എട്ടു ശതമാനം പലിശയും കോടതി ചെലവും നൽകാൻ കൊല്ലം മോട്ടോർ ആക്സിഡന്റ് ക്ളെയിംസ് ട്രിബ്യൂണൽ ജഡ്ജ് എം.സുലേഖ ഉത്തരവിട്ടത്.
2015 മേയ് 23ന് കൊല്ലം രാമൻകുളങ്ങര കല്ലൂർകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഷാർജയിൽ ബിസിനസുകാരനായിരുന്നു ജെമിനി ദാസ്. അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റതോടെ നടക്കാനാവാത്ത അവസ്ഥയിലായി. നിലവിൽ വാക്കറിന്റെ സഹായത്തോടെയാണ് നടക്കുന്നത്. ഹർജിക്കാരനു വേണ്ടി അഡ്വ. ശൂരനാട് പി.ആർ. രവീന്ദ്രൻപിള്ള ഹാജരായി.