
2500 - 8500 രൂപ
ഒരു തൊടിയുടെ വില
കൊല്ലം: പഴയകാലത്ത് കിണർവെള്ളം കളിമൺ കൂജയിലേക്ക് പകർന്ന് തണുപ്പിച്ച് ഉപയോഗിച്ചിരുന്ന മലയാളിക്ക് ഇനി കിണറിനെ തന്നെ തണുപ്പിച്ച് കുളിർമ്മയും ശുദ്ധവുമായ വെള്ളം ശേഖരിക്കാം. മനോഹരമായ കിണറുകൾ വീടിനും അലങ്കാരം.
കളിമൺ തൊടികൾ ജനപ്രിയമായിക്കഴിഞ്ഞു. തൃശൂർ, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലാണ് പ്രകൃതി സൗഹൃദ കിണറുകൾ വ്യാപകമായത്. മൺപാത്ര നിർമ്മാണത്തൊഴിലാളികളാണ് ഇതിനു പിന്നിൽ. കളിമൺ പാത്രങ്ങളുടെ ഉപയോഗം കുറഞ്ഞതോടെ അവർ പുതിയ ജീവിതവഴികൾ തേടുകയായിരുന്നു.
കിണറിന്റെ ബലത്തിന് ഉപയോഗിക്കുന്ന കോൺക്രീറ്റ് റിംഗുകൾക്ക് പകരമായാണ് അവർ ചൂളയിൽ ചുട്ടെടുക്കുന്ന തൊടികൾ നിർമ്മിച്ചത്. ഇഷ്ടിക നിർമ്മാണത്തിനുള്ള കളിമണ്ണാണ് റിംഗിനും ഉപയോഗിക്കുന്നത്. മൂന്ന് മുതൽ 11 കോൽവരെ ചുറ്റളവുള്ള റിംഗുകളുണ്ട്. വലിപ്പവും കനവും അനുസരിച്ചാണ് വില.
ചൂളയിൽ ചുട്ടെടുക്കും
 ചെളി കുഴച്ച് അച്ചിൽ വാർത്ത് വെയിലത്ത് ഉണക്കും
 ഉണങ്ങാൻ ഇരുപത് മുതൽ മുപ്പത് ദിവസം വരെ
 തുടർന്ന് ചൂളയിൽ നാലു ദിവസം ചുട്ടെടുക്കും
 ഇഷ്ടിക ബലംവയ്ക്കും പോലെ റിംഗുകളും ഉറയ്ക്കും
 വെള്ളം ഊർന്നിറങ്ങാൻ പ്രതലത്തിൽ വിടവുകൾ
 തൊടികൾ വെള്ളത്തിൽ കുതിർന്ന് ഉടയില്ല
"കുടിൽ വ്യവസായം എന്ന നിലയിലാണ് കളിമൺ തൊടികളുടെ നിർമ്മാണം ആരംഭിച്ചത്. ഓർഡർ ലഭിച്ചാൽ കേരളത്തിലെവിടെയും എത്തിച്ച് കിണറ്റിലിറക്കി നൽകും.
കുഞ്ഞുക്കുടൻ, കാവേരി കളിമൺ റിംഗ്,
കോട്ടയ്ക്കൽ, മലപ്പുറം