hospitality

കൊല്ലം: പ്ലസ്ടുവിന് ശേഷം മൂന്ന് വർഷ ഹോസ്‌പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ പൊതുപ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു ഏത് ശാഖയിൽ പഠിച്ചവർക്കും ഇപ്പോൾ 12ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. 2022 ജൂലായ് ഒന്നിന് 25 വയസ് കവിയരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 28 വയസ്. അവസാന തീയതി മേയ് 3. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ജോയിന്റ് എൻട്രൻസ് പരീക്ഷ (എൻ.സി.എച്ച്.എം.ജെ.ഇ.ഇ) കമ്പ്യൂട്ടർ ഉപയോഗിച്ച് മേയ് 28ന് രാവിലെ 10 മുതൽ 1 വരെ നടക്കും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, അങ്കമാലി, മൂവാ​റ്റുപുഴ, പാലക്കാട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.

നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിക്ക് വേണ്ടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ)ക്കാണ് പരീക്ഷാനടത്തിപ്പ് ചുമതല. അപേക്ഷാഫീസ്: 1000 രൂപ. പട്ടിക, ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് 450 രൂപ. സാമ്പത്തിക പിന്നാക്കക്കാർക്ക് 700 രൂപ.

സംഖ്യകളിലെ കഴിവും വിശകലന അഭിരുചിയും(30 ചോദ്യങ്ങൾ), റീസണിംഗ് ആൻഡ് ലോജിക്കൽ ഡിഡക്ഷൻ(30), പൊതുവിജ്ഞാനവും കറണ്ട് അഫയേഴ്സും (30), ഇംഗ്ലീഷ് ഭാഷ (60), സർവീസ് സെക്ടറിലെ അഭിരുചി(50) എന്നിവയാണ് പരീക്ഷയിലൂടെ പരിശോധിക്കുന്നത്. https://nta.ac.in/quiz എന്ന സൈറ്റിൽ പരീക്ഷ പരിശീലിക്കാം.

സ്വകാര്യമേഖലയിലെ 29 ഉൾപ്പെടെ, ദേശീയതലത്തിലെ 78 ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കാണ് പ്രവേശനം. കേന്ദ്ര മേഖലയിലെ കോവളം ഇൻസ്റ്റിറ്റ്യൂട്ട് (ഫോൺ: 0471 2480283), കോഴിക്കോട് സ്​റ്റേ​റ്റ് ഇൻസ്റ്റിറ്റ്യൂട്ട് (0495 2385861), സ്വകാര്യമേഖലയിലെ മൂന്നാർ കാറ്ററിംഗ് കോളേജ് (04868 249900),വയനാട് ലക്കിടി ഓറിയന്റൽ സ്‌കൂൾ (80866 22253) എന്നിവയാണ് കേരളത്തിലുള്ള സ്ഥാപനങ്ങൾ. സംശയപരിഹാരത്തിന്‌: nchm@nta.ac.in