v

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ അദ്ധ്യാപക നിയമനത്തിൽ സംവരണം പൂർണമായും പാലിക്കും. ഇന്റർവ്യു പുരോഗമിക്കുന്ന അസി. പ്രൊഫസർ തസ്തികയെ ഒരു പൂളായി കണക്കാക്കിയാകും നിയമനം. ഇതിനുള്ള സംവരണക്രമം നിശ്ചയിക്കാൻ സ്റ്റാൻഡിംഗ് കോൺസൽ പി.സി. ശശിധരനെ ചുമതലപ്പെടുത്തി.

ജനുവരി അവസാനം ആരംഭിച്ച അദ്ധ്യാപക നിയമനത്തിന്റെ അഭിമുഖം മാർച്ച് ആദ്യവാരം അവസാനിക്കും. മാർക്ക് ലിസ്റ്റ് തയ്യാിയ ശേഷം സംവരണക്രമം പാലിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കും. മൂന്ന് വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സർവകലാശാലയ്ക്ക് 56 അക്കാഡമിക് തസ്തികകളും ,62 അനദ്ധ്യാപക തസ്തികകളുമാണ് അനുവദിച്ചിട്ടുള്ളത്. അക്കാഡമിക് തസ്തികകളിൽ 46 എണ്ണം അസി. പ്രൊഫസർമാരുടേതാണ്.

12 കോഴ്സുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ഇതിൽ ഏഴെണ്ണം ബിരുദ കോഴ്സുകളാണ്. അഞ്ചെണ്ണത്തിൽ ബിരുദാനന്തര ബിരുദം കൂടിയുണ്ട്.

ബിരുദ കോഴ്സുകൾക്ക് മൂന്നും ബിരുദാനന്തര ബിരുദം കൂടിയുള്ളവയ്ക്ക് അഞ്ചും അസി. പ്രൊഫസർമാരെ വീതമാണ് നിയമിക്കുന്നത്. ശേഷിക്കുന്ന 10 അക്കാഡമിക് തസ്തികൾ പഠന സ്കൂൾ ഡയറക്ടർ-5, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ-1, നാല് റീജിയണൽ ഡയറക്ടർ എന്നിങ്ങനെയാണ്. പഠന സ്കൂൾ ഡയറക്ടർമാരെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലും റീജിയണൽ ഡയറക്ടർമാരെ സർക്കാർ നേരിട്ടും നിയമിക്കും. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടറെ സർവകലാശാല ഇന്റർവ്യു നടത്തിയാണ് നിയമിക്കുന്നതെങ്കിലും ഒറ്റ തസ്തികയായതിനാൽ സംവരണം പാലി​ക്കാനാകില്ല. സർവകലാശാല രൂപീകരിച്ചപ്പോൾ താത്കാലികാടിസ്ഥാനത്തിൽ നിയമിച്ച അനദ്ധ്യാപക ജീവനക്കാർക്ക് അടുത്ത ഒക്ടോബർ വരെ സർക്കാർ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. അതിന് ശേഷമേ പുതിയ അനദ്ധ്യാപക നിയമനം നടക്കൂ.

'അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങളിൽ സംവരണം നൂറ് ശതമാനം പാലിക്കും'.

-മുബാറക് പാഷ,

വൈസ് ചാൻസലർ