
കൊല്ലം: പ്രണയമധുരം ചേർത്തുവച്ചാണ് സജയൻ പ്രിയതമയുടെ പ്രതിമയൊരുക്കിയത്. കളിയാക്കിയവരും പ്രോത്സാഹിപ്പിച്ചവരുമുണ്ട്. അപ്പോഴൊക്കെ അയാൾ ചിരിച്ചുകൊണ്ടുപറഞ്ഞു; ഇത് ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെ പങ്കിടലാണ്!. ചവറ ചെറുശേരിഭാഗം തെക്കേ കാണാത്ത് കാർത്തികേയന്റെയും ദേവയാനിയുടെയും മകനായ കെ.സജയൻ 1996 സെപ്തംബർ 3ന് ചവറയിലെ പ്രസിദ്ധമായ ഞാറയ്ക്കാട്ട് തറവാട്ടിലെ പി.കെ.രാധാകൃഷ്ണൻ നായരുടെയും പി.പത്മകുമാരിയുടെയും മകളായ രശ്മി ആർ.കെ.നായരുടെ കൈപിടിച്ചപ്പോൾ വീട്ടിലും നാട്ടിലും വലിയ കോളിളക്കമായിരുന്നു. എന്നാൽ, ജാതിയുടെയും സമ്പത്തിന്റെയും അന്തരങ്ങൾ അവരുടെ പ്രണയത്തെയും ജീവിതത്തെയും ബാധിച്ചതേയില്ല. വിവാഹജീവിതം കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ കഴിഞ്ഞ വർഷം സെപ്തംബറിലാണ് സജയൻ, രശ്മിയുടെ പ്രതിമ നിർമ്മിക്കാൻ തുടങ്ങിയത്. ഇനി അവസാന മിനുക്കു പണികൾ മാത്രമാണ് ശേഷിക്കുന്നത്. അറിയപ്പെടുന്ന സാഹിത്യകാരിയും അഭിനേത്രിയുമാണ് രശ്മി.
ചവറ കെ.എം.എം.എൽ ഉദ്യോഗസ്ഥനായ സജയൻ കൊവിഡിന്റെ അടച്ചിടൽകാലത്താണ് പ്രതിമ നിർമ്മാണ രംഗത്തേക്ക് ചെറിയ പരിശ്രമം തുടങ്ങിയത്. മുൻ പരിചയമില്ലെങ്കിലും വീടിന്റെ മതിലിൽ ശ്രീനാരായണ ഗുരുദേവനെ നിർമ്മിച്ചായിരുന്നു തുടക്കം. പിന്നെ നിരവധി ശില്പങ്ങളൊരുക്കി. വീടിന്റെ കാർപോർച്ചിലാണ് രശ്മിയുടെ പ്രതിമ നിർമ്മിച്ചത്. ഇതിന് വലിയ പ്രോത്സാഹനവുമായി കൂടെനിന്നത് എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ മക്കൾ ഗോപികയും ഗോവിന്ദുമാണ്.
"ഞങ്ങളുടെ ഒന്നിച്ചുള്ള ജീവിതം കാൽ നൂറ്റാണ്ട് പിന്നിട്ടു. സ്ത്രീയാണ് ധനമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഇത് ഞങ്ങളുടെ പ്രണയശില്പമാണ്.
- കെ.സജയൻ