കുന്നിക്കോട് : കോലിഞ്ചിമലയിലെ ഖനന നീക്കത്തിനെതിരെ വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പതാകയേന്തി കോലിഞ്ചിമല കയറിച്ചെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ ഇടത് മുന്നണി ഭരണ സമിതിയാണ് കോലിഞ്ചിമലയിൽ പാറഖനനം നടത്താൻ ലൈസൻസ് നൽകിയത്. എന്നാൽ പ്രദേശവാസികളുടെ പ്രതിഷേധത്തിനെ തുടർന്ന് പ്രവർത്തനം നിറുത്തിവെക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിക്കവെയാണ് പ്രതിഷേധമുയർന്നത്. മുൻ ഭരണ സമിതി ക്രമവിരുദ്ധമായാണ് ക്വാറി പ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന് നിലവിലെ ഭരണ സമിതിയും കോൺഗ്രസും ആരോപിച്ചു. ഇന്ന് നടക്കുന്ന പഞ്ചായത്ത് സമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും ക്വാറി നടത്താൻ അന്ന് നൽകിയ ലൈസൻസ് റദ്ദാക്കാൻ നിയമോപദേശം തേടുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ പറഞ്ഞു. അനധികൃത നിർമ്മാണങ്ങൾ നിറുത്തിവെക്കാനുള്ള നോട്ടീസ് നൽകാനും ആലോചനയുണ്ട്. ക്വാറിയുടമകൾ ക്വാറിയോട് ചേർന്ന് ഖനനത്തിനായി വാങ്ങിക്കൂട്ടിയ ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വേണ്ടി വന്നാൽ ഭൂമി വീണ്ടെടുക്കാൻ റീസർവേ നടത്തണമെന്നും കോൺഗ്രസ് തലവൂർ ബ്ലോക്ക് പ്രസിഡന്റ് ജെ.ഷാജഹാൻ പറഞ്ഞു. കോൺഗ്രസ് വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, പതിനാലാം വാർഡംഗം റജീന തോമസ്, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങൾ, കോൺഗ്രസ് നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.