
ഉത്തരവിറക്കിയത് ജയിൽ ഡി.ജി.പി
കൊല്ലം: മക്കളെ ഉപദ്രവിച്ച കേസിൽ ജയിലിലായ രക്ഷിതാക്കൾക്ക് പിന്നീട് കുറ്റബോധം തോന്നുകയും അവരെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്താൽ, കുട്ടികളുടെ താത്പര്യത്തിന് മാത്രം മുൻഗണന നൽകിയാൽ മതിയെന്ന് ജയിൽ ഡി.ജി.പിയുടെ ഉത്തരവ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ ഇത്തരം കേസുകളിൽ ഭൂരിഭാഗം കുട്ടികളും രക്ഷിതാക്കളെ കാണുന്നതിൽ താത്പര്യക്കുറവ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ജയിൽ വകുപ്പിന് കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെയും ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ജയിൽ ഡി.ജി.പി ഡോ. ഷെയ്‌ക്ക് ദർവേഷ് സാഹിബ് ഉത്തരവിറക്കിയത്.
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് നിയമപ്രകാരം തടവുകാർക്ക് അവരുടെ കുടുംബാംഗങ്ങളെ കാണാനുള്ള അവകാശമുണ്ട്. എന്നാൽ 2005ലെ ബാലാവകാശ സംരക്ഷണ നിയമം കൂടി പരിഗണിച്ചാണ് പുതിയ ഉത്തരവ്. കുട്ടികളെ ഉപദ്റവിച്ചതുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കേസിൽ തടവിൽ കഴിയുന്ന രക്ഷിതാക്കൾ കാണാൻ ശ്രമിക്കുന്നത് കുട്ടികളുടെ താത്പര്യത്തിന് എതിരാണെങ്കിൽ അനുവദിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ രക്ഷിതാക്കളെയോ ഉറ്റബന്ധുക്കളെയോ കാണണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടാൽ അവരുടെ സംരക്ഷണം ഉറപ്പാക്കി നേരിട്ടോ, ഓൺലൈൻ മുഖേനയോ അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്.
പെട്ടെന്നുണ്ടാകുന്ന പ്രകോപനം മൂലമോ മറ്റോ കുട്ടികളെ ഉപദ്രവിക്കുന്നത് കേസാകുമ്പോൾ പലരും ഒതുക്കിത്തീർക്കാൻ ശ്രമിക്കാറുണ്ട്. തടവ് ശിക്ഷ ലഭിക്കുമ്പോൾ കുറ്റബോധം ഇത്തരക്കാരെ അസ്വസ്ഥരാക്കുകയും കുട്ടികളെ കാണണമെന്ന് താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യും. എന്നാൽ വർഷങ്ങൾക്കിപ്പുറവും ഭയം വിട്ടുമാറാത്ത കുട്ടികൾ വീണ്ടും ഇവരെ കാണുന്നത് വിഷാദരോഗം ഉൾപ്പെടെയുള്ള അവസ്ഥകളിലേക്ക് വഴിതെളിക്കും. സംസ്ഥാന പൊലീസിന്റെ കണക്കുകളിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ 2016 ലേതിന്റെ ഇരട്ടിയാണ് 2020ൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
# സംസ്ഥാനത്ത് 2021 ൽ കുട്ടികൾക്കെതിരെയുള്ള അതിക്രമം (ബ്രായ്ക്കറ്റിൽ 2016 ലെ കണക്ക്)
മരണം: 36 (33)
പോക്സോ: 1527 (957)
തട്ടിക്കൊണ്ടു പോകൽ: 244 (157)
ശൈശവ വിവാഹം: 13 (08)
ആകെ കേസുകൾ: 4349 (2879)
# ജില്ലയിൽ
2016: 212
2019 : 296
2021: 320 (കണക്കുകൾ പൂർണമല്ല)