meen
വെള്ളത്തിൽ വിഷം കലർത്തിയതിനെ തുടർന്ന് ചത്തുപൊങ്ങിയ മീനുകളെ കുഴിച്ചുമൂടുന്നു

ഓച്ചിറ: സാമൂഹ്യവിരുദ്ധർ മീൻ വളർത്ത് കുളത്തിൽ വിഷം കലക്കിയതിനെ തുടർന്ന് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. എസ്.എൻ.ഡി.പി യോഗം വരവിള ശാഖാ പ്രസിഡന്റ് വയലിൽ വീട്ടിൽ ശശിയുടെ മീൻ വളർത്ത് കേന്ദ്രത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. 33 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തിയ ശശി മീൻ കൃഷി തുടങ്ങുകയായിരുന്നു. 50 സെന്റ് വീതം വരുന്ന രണ്ട് കുളങ്ങളിലായി 6000 കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ട് ആറ് മാസമായി. ഫിഷറീസ് വകുപ്പിന്റെ ലൈസൻസുള്ള മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. ഏകദേശം നാല് ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓച്ചിറ പൊലീസ് കേസെടുത്തു. വീട്ടിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായി ഇൻസ്പെക്ടർ പി.വിനോദ് അറിയിച്ചു.