help

കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം ഇനി മുതൽ അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കും.ഇതിനായി പ്രത്യേക ക്രമീകരണം ജില്ലതലത്തിൽ ഏർപ്പെടുത്തി.

അപേക്ഷ ലഭിച്ചാലുടൻ വില്ലേജ് ഓഫീസർമാർ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. അധികവിവരങ്ങൾ ആവശ്യമെങ്കിൽ അപേക്ഷകരെ നേരിട്ട് വിളിച്ച് പരിഹരിക്കും. താലൂക്ക് ദുരന്തനിവാരണ വിഭാഗവും എൻ.എച്ച്.എം ആശാ കോർഡിനേറ്ററും ആശാപ്രവർത്തകർക്കും വില്ലേജ് ഓഫീസർമാർക്കും അവശ്യമായ സഹായം നൽകും. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ ദുരന്തനിവാരണ വിഭാഗം പരിശോധിച്ച് കളക്ടറുടെ നടപടിക്രമം തയ്യാറാക്കും. ഇതിന് പിന്നാലെ ഓൺലൈൻ ബിൽ തയ്യാറാക്കി എ.ഡി.എമ്മിന്റെ അംഗീകാരത്തോടെ ട്രഷറിയിൽ സമർപ്പിക്കും. ഇ- ട്രഷറി സംവിധാനത്തിലൂടെ അപേക്ഷകരുടെ അക്കൗണ്ടിലേക്ക് ജില്ലാ ട്രഷറി ഓൺലൈനായി ഫണ്ട് എത്തിക്കും. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ ഡി.എം.ഒ, എൻ.എച്ച്.എം ഡി.പി.എം, തഹസിൽദാർ, ഡി.ഡി.പി, ആർ.ജെ.ഡി. എന്നിവർക്ക് ജില്ലാ കളക്ടർ അഫ്‌സാന പർവീൺ നൽകിയിട്ടുണ്ട്. പദ്ധതിയുടെ ജില്ലാതല ചാർജ്ജ് എ.ഡി.എമ്മിനാണ്.

അപേക്ഷിക്കാത്തവർക്കായി

ഭവനസന്ദർശനം

ജില്ലയിൽ കൊവിഡ് ബാധിച്ച മരിച്ച 549 പേരുടെ ആശ്രിതർ ഇനിയും ധനസഹായത്തിനായി അപേക്ഷിച്ചിട്ടില്ല. ഇവരെ കണ്ടെത്തി അപേക്ഷ സമർപ്പിക്കാൻ സഹായിക്കാൻ ആശാപ്രവർത്തകരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഇന്ന് മുതൽ ഭവനസന്ദർശനം നടത്തും. അപേക്ഷിക്കാത്തവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ഇവർക്ക് നൽകിയിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 5743 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതിൽ 5194 പേർ ധനസഹായത്തിന് അപേക്ഷിച്ചു. 4818 പേർക്കായി 24.09 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു.