ചവറ : ചവറയിൽ വളർത്തു മൃഗങ്ങളെ മോഷ്ടിക്കുന്നത് വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്ന പന്മന കോലം ഗോകുലം വീട്ടിൽ വിജയകുമാരിയുടെ രണ്ടു പോത്തുകളും സമീപവാസിയുടെ ഒരു പോത്തും മോഷണം പോയി. ഇരുവരും ചവറ പൊലീസിന് പരാതി നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈങ്ങേലി മുക്കിൽ കോഴികളെ മോഷ്ടിക്കുന്ന യുവാവിനെ കൈയോടെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചപ്പോൾ വാഹനം ഉപേക്ഷിച്ചു ഓടിരക്ഷപ്പെടുകയും വാഹനം നാട്ടുകാർ പൊലീസിൽ ഏല്പിക്കുകയുംചെയ്തു. പിന്നീട് പൊലീസ്റ്റേഷനിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ മോഷ്ടിച്ച കോഴികൾക്ക് പകരം പണം നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു. അടുത്ത സമയത്ത് പന്മന ചിറ്റൂരിൽ നിന്നാണ് ജമ്നാ പ്യാരി ആടിനെ മോഷ്ടിച്ചു മറിച്ചു വിറ്റത് .ഉടമയ്ക്ക് ആടിനെ തിരികെ കിട്ടിയെങ്കിലും മോഷ്ടാവിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. ഇപ്പോൾ ചവറയിൽ പലയിടങ്ങളിൽ നിന്ന് പക്ഷികളും മൃഗങ്ങളും മോഷണം പോകുന്നത് പതിവായി. പലരും പരാതിയുമായി പൊലീസിനെ സമീപിക്കാത്തത് മോഷണം വർദ്ധിക്കാൻ കാരണമാകുന്നുണ്ട്.