 
പുനലൂർ: തമിഴ്നാട്ടിലെ തീർത്ഥാടനം കഴിഞ്ഞ് കാറിൽ നാട്ടിലേക്ക് മടങ്ങിയ കുടുംബത്തിലെ യുവതിയുടെ ബാഗ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ പ്രഭാത സവാരിക്കിറങ്ങിയ യുവാക്കൾ പിടികൂടി തെന്മല പൊലീസിനെ ഏൽപ്പിച്ചു. തെങ്കാശി പുതൂർ ചുരണ്ട തുവരൻകാട് പള്ളികൂടം സ്ട്രീറ്റ്-21ൽ മുരുകേശി(40)നെയാണ് പൊലീസിൽ എൽപ്പിച്ചത്. ഇന്നലെ രാവിലെ തെന്മല ജംഗ്ഷനിലായിരുന്നു സംഭവം. നെടുമങ്ങാട് പഴകുറ്റി ഉളിയൂർ സുഭദ്രത്തിൽ സുദർശന കുമാറിന്റെ ഭാര്യയുടെ ബാഗാണ് പ്രതി കാറിൽ നിന്ന് കവർന്നത്. ക്ഷേത്ര ദർശനം കഴിഞ്ഞ കാറിൽ കാപ്പി കുടിക്കാൻ തെന്മല ജംഗ്ഷനിൽ ഇറങ്ങിയതായിരുന്നു കുടുംബാംഗങ്ങൾ.ഇവർ ഇറങ്ങുന്നതിനിടെ മോഷ്ടാവ് കാറിന്റെ പിന്നിൽ നിന്ന് ബാഗ് മോഷ്ടിച്ച് കടന്നു കളഞ്ഞു. തെന്മല റെയിൽ സ്റ്റേഷന് സമീപത്തെത്തിയ മോഷ്ടാവിനെ കണ്ട് പ്രഭാത സവാരിക്കാരായ യുവാക്കൾക്ക് സംശയം തോന്നി. ബാഗും മൊബൈൽ ഫോണും പരിശോധിച്ച്.യുവാക്കൾ തെന്മല പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ എം.ജി.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.പിന്നീട് കോടതിയിൽ ഹാജരാക്കി.