
കൊല്ലം: സാമ്പത്തികവർഷം അവസാനിക്കാൻ ഇനി 46 ദിവസം മാത്രം ബാക്കി നിൽക്കെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ 10, 99470 തൊഴിൽദിനങ്ങൾ ബാക്കി. ഇത്തവണത്തെ ലേബർ ബഡ്ജറ്റ് പ്രകാരം 7521057 ആണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. അതിൽ 6421587 തൊഴിൽദിനങ്ങൾ മാത്രമാണ് ലഭ്യമാക്കിയത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയില ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും മാസങ്ങളോളം തൊഴിൽ മുടങ്ങിയിരുന്നു. ആഗസ്റ്റ് മുതലാണ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കിത്തുടങ്ങിയത്. ആദ്യഘട്ടത്തിൽ വളരെക്കുറച്ച് തൊഴിലാളികളെ ഓരോ കേന്ദ്രത്തിലും അനുവദിച്ചിരുന്നുള്ളു. സാമ്പത്തികവർഷം അവസാനിക്കാറായ സാഹചര്യത്തിലും പല തദ്ദേശസ്ഥാപനങ്ങളും പദ്ധതി കാര്യക്ഷമമായി ഇടപെടൽ നടത്തുന്നില്ല. നേരത്തെ കശുഅണ്ടി മേഖലയിൽ പണിയെടുത്തിരുന്ന വലിയൊരു വിഭാഗം സ്ത്രീകൾ ഇപ്പോൾ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. 8039 തൊഴിലാളികൾക്ക് മാത്രമാണ് ഇതുവരെ നൂറ് തൊഴിൽദിനങ്ങൾ ലഭിച്ചത്.
നടപ്പ് വർഷത്തിൽ ചെയ്ത ജോലി അടിസ്ഥാനമാക്കിയാണ് തൊട്ടടുത്ത വർഷത്തെ ലേബർ ബഡ്ജറ്റ് തയ്യാറാക്കുന്നത്. ഈവർഷം തൊഴിൽദിനം ഇടിയുന്നത് അടുത്തവർഷത്തെ ലേബർ ബഡ്ജറ്റിനെ ബാധിക്കാൻ സാദ്ധ്യതയുണ്ട്.
1.61 കോടി
കുടിശിക
വിവിധ നിർമ്മാണ വസ്തുക്കൾ വാങ്ങിയതിന്റെയും കൂലി കുടിശിക ഇനത്തിലും 1.61 കോടി ജില്ലയിൽ വിതരണം ചെയ്യാനുണ്ട്. ചെയ്ത ജോലിയുടെ കൂലി ലഭിക്കാത്തതും തൊഴിലാളികളെ കൂടുതൽ വിഷമത്തിലാക്കുന്നു.
ജില്ലയിലെ പദ്ധതി നടത്തിപ്പ്
ബഡ്ജറ്റ്: 10, 99470
തൊഴിൽദിനം: 6421587
തൊഴിലാളികൾ: 6,72,197