കരുനാഗപ്പള്ളി: നീലത്താമര വിടർന്ന് നിൽക്കുന്ന സംസ്ഥാന തെങ്ങിൻ തൈ ഉല്പാദന കേന്ദ്രത്തിലെ ജലാശയം കാഴ്ച്ചക്കാർക്ക് കൗതുകമാകുന്നു. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ചിറ്റുമൂലയിൽ പ്രവർത്തിക്കുന്ന സംസഥാന തെങ്ങിൻ തൈ ഉല്പാദന കേന്ദ്രം സൗന്ദര്യവത്ക്കരണത്തിന്റെ പാതയിലാണ്. കഴിഞ്ഞ 3 മാസങ്ങൾക്ക് മുമ്പ് തുടങ്ങി വെച്ച സൗന്ദര്യവത്ക്കരണ പദ്ധതികൾ പൂർത്തീകരണത്തിന്റെ വക്കിലാണ്.
മൂന്ന് മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർണമാകും
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് തെങ്ങിൻ തൈ ഉല്പാദന കേന്ദ്രം പദ്ധതികൾ നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മൂന്ന് മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർണമായും നടപ്പിൽ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികളിലും കർഷകരിലും കൃഷിയിൽ ആഭിമുഖ്യം വളർത്തുകയെന്നതാണ് സൗന്ദര്യവത്ക്കരണ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. തെങ്ങിൻതൈ ഉല്പാദന കേന്ദ്രത്തിൽ 7.30 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇവിടെ തെങ്ങിൻ തൈകൾ, പച്ചക്കറികൾ, കുരുമുളക് ചെടികൾ എന്നിവ ഉല്പാദിപ്പിക്കുന്നു. ഇവകൾ വളർത്തുന്ന ഫാമുകൾ സൗന്ദര്യവത്ക്കരിക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നത്.
ഫാം ഹൈടെക് ആക്കിയേക്കും
തെങ്ങിൻതൈ കേന്ദ്രത്തിലേക്ക് കടന്ന് വരുന്നവരെ ആദ്യമായി സ്വീകരിക്കുന്നത് വിടർന്ന് നിൽക്കുന്ന നീലത്താമരകളാണ്. ഓഫീസിന്റെ മുൻ വശം പൂർണമായും സൗന്ദര്യവത്ക്കരിച്ച് കഴിഞ്ഞു. ജലാശയത്തിൽ അലങ്കാരമത്സ്യങ്ങളെ വളർത്തുന്ന പദ്ധതി ജില്ലാ പഞ്ചായത്തിന്റെ പരിഗണനയിലാണ്. തെങ്ങിൻ തൈ കേന്ദ്രത്തിൽ എത്തുന്ന വിദ്യാർത്ഥികളിൽ കൃഷിയെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് എടുക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും. സർക്കാരിന്റെ നിർദ്ദേശാനുസരണം ഫാം ഹൈടെക് ആക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ച് കഴിഞ്ഞു. തെങ്ങിൻ തൈ ഫാമിൽ തെങ്ങുകളുടെ ശാസ്ത്രീയ നാമത്തോടൊപ്പം പ്രദേശിക പേരുകളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. കേന്ദ്രത്തിൽ നിലവിലുള്ള എലാ സംവിധാനങ്ങളിലും കാതലായി മാറ്റാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ട ഉദ്യാഗസ്ഥർ.