scholarship

കൊല്ലം: യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്ധ്യാർത്ഥികൾക്ക് ഇ.കെ. നായനാർ കോ ഓപ്പറേ​റ്റീവ് പ്രൊഫഷണൽ എഡ്യുക്കേഷൻ, നോർക്ക റൂട്ട്‌സ് ഡയറക്ടറേഴ്‌സ് സ്കോളർഷിപ്പുകൾക്കായി അപേക്ഷിക്കാം.

ഇ.കെ. നായനാർ പ്രൊഫഷണൽ എഡ്യുക്കേഷൻ സ്‌കോളർഷിപ്പ്

സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്റണത്തിലുള്ള കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, ആറന്മുള, പത്തനാപുരം, കിടങ്ങൂർ, പുന്നപ്ര, വടകര, തലശേരി, തൃക്കരിപ്പൂർ എൻജിനിയറിംഗ് കോളേജുകളിൽ 2021- 22ലെ ഇ.കെ. നായനാർ കോ ഓപ്പറേ​റ്റീവ് പ്രൊഫഷണൽ എഡ്യുക്കേഷൻ സ്‌കോളർഷിപ്പിന് 24നകം അതത് കോളേജുകളിൽ അപേക്ഷിക്കാം. പ്ലസ് ടുവിന് 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയതും കുടുംബ വാർഷികവരുമാനം രണ്ടുലക്ഷം രൂപ കവിയാത്തതുമായ കേപ്പ് എൻജിനിയറിംഗ് കോളേജുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. സഹകരണസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും മക്കൾക്കായി സംവരണം ചെയ്ത സീ​റ്റിൽ പ്രവേശനം നേടിയവർക്ക് മാർക്കോ വരുമാനമോ പരിഗണിക്കാതെ സ്‌കോളർഷിപ്പ് നൽകും. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും അതത് കോളേജ് പ്രിൻസിപ്പൽമാരെ സമീപിക്കണം.

നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആർ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടുവർഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്. 20,000 രൂപയാണ് സ്‌കോളർഷിപ്പ്. അപേക്ഷകർ യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കോ പ്രൊഫഷണൽ കോഴ്‌സുകൾക്കോ 2021- 22 അദ്ധ്യയന വർഷം പ്രവേശനം നേടിയവരും കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച റഗുലർ കോഴ്‌സുകൾക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം. ഒ​റ്റത്തവണയാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നത്. ഓൺലൈനായി 26ന് മുമ്പ് അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2770528, 2770500 നോർക്ക റൂട്ട്‌സ് ടോൾ ഫ്രീ നമ്പർ: 1800 425 3939. വിദേശത്ത് നിന്നുള്ള മിസ്ഡ്‌കോൾ സേവനം: 00918802012345.