
കൊല്ലം: പുതുതായി അഗ്നിരക്ഷാനിലയങ്ങൾ സ്ഥാപിക്കാനിറക്കിയ പട്ടികയിൽ ഇത്തവണയും ജില്ലയ്ക്ക് അവഗണന. സംസ്ഥാനത്ത് പുതുതായി പത്ത് അഗ്നിരക്ഷാനിലയങ്ങൾ തുടങ്ങാനാണ് ഉത്തരവിറങ്ങിയത്.
മഴക്കെടുതിയിൽ നവംബർ പകുതിയോടെ ജില്ലയുടെ കിഴക്കൻ മേഖലയിലുണ്ടാകുന്ന വെള്ളക്കെട്ടും ഉരുൾ പൊട്ടലും നേരിടാൻ ഇത്തവണയും ഫയർഫോഴ്സിന് ഏറെ വിയർക്കേണ്ടിവരും. ഇവിടം കേന്ദ്രീകരിച്ച് നിലയമില്ലാത്തതാണ് ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നത്.
ദുരന്തങ്ങളുണ്ടാവുമ്പോൾ ജില്ലാ ആസ്ഥാനത്ത് നിന്ന് വേണം സേനയെത്താൻ. കടപ്പാക്കടയിൽ നിന്ന് വാഹനം ഓടിയെത്താൻ ഒരുമണിക്കൂറോളം വേണ്ടിവരുമെന്നത് രക്ഷാപ്രവർത്തനത്തിനും തിരിച്ചടിയാണ്.
സമയനഷ്ടം അത്യാഹിതങ്ങളുടെ ആഴവും വർദ്ധിപ്പിക്കും. കുളത്തൂപ്പുഴ, ഓയൂർ, തെന്മല എന്നിവിടങ്ങളിൽ നിലയം ആരംഭിക്കുന്നത് പരിഗണയിലാണെന്ന അധികൃതരുടെയും ജനപ്രതിനിധികളുടെയും വാഗ്ദാനം വാക്കിലൊതുങ്ങിയെന്നതിന് തെളിവാണ് പുതിയ പട്ടികയിലും ജില്ല ഇടംപിടിക്കാതിരുന്നത്.
രക്ഷയില്ലാതെ നാടാകെ നെട്ടോട്ടം
1. അഞ്ചൽ, കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേയ്ക്ക് ഓടിയെത്താൻ പുനലൂരിലെ അഗ്‌നിശമനസേന മാത്രമാണുള്ളത്
2. നവംബറിൽ പ്രളയസമാനമായ വെള്ളക്കെട്ട് ഉണ്ടായപ്പോൾ റബർ ഡിങ്കി ബോട്ടുകൾ ഇല്ലാത്തതിനാൽ പുനലൂരിലെ സേനയ്ക്ക് കാഴ്ചക്കാരാകേണ്ടിവന്നു
3. കുണ്ടറ, കടയ്ക്കൽ, കൊല്ലം നിലയങ്ങളിൽ മാത്രമാണ് റബർ ഡിങ്കിയുള്ളത്
4. കുളത്തൂപ്പുഴയിൽ സേനാ നിലയവും ഡിഫൻസ് പരിശീലന കേന്ദ്രവും സ്ഥാപിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല
5. പ്രളയകാലത്ത് താത്കാലിക സംവിധാനത്തിലാണ് തെന്മലയിൽ നിലയം പ്രവർത്തിച്ചത്
കീശയിലുണ്ട് 50 സെന്റ്
ഓയൂരിൽ സേനാനിലയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് 2011ലാണ്. സ്ഥലമേറ്റെടുക്കലും ബോർഡ് സ്ഥാപിക്കലും നടത്തിയെങ്കിലും പിന്നീട് അനക്കമില്ലാതായി. ഓയൂർ കൺവെൻഷൻ സെന്ററിന് സമീപത്തെ 50 സെന്റ് ഭൂമിക്ക് ഇപ്പോഴും കരം ഒടുക്കുന്നത് അഗ്‌നിശമനസേനയാണ്. നിലയം ആരംഭിക്കുന്നില്ലെങ്കിൽ സ്ഥലം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്.
ഓയൂരിൽ സ്ഥലമേറ്റെടുത്തിട്ട് 10 വർഷം
ജില്ലയിലെ നിലയങ്ങൾ
കൊല്ലം (കടപ്പാക്കട) ചാമക്കട പരവൂർ ചവറ കരുനാഗപ്പള്ളി ശാസ്താംകോട്ട കുണ്ടറ കൊട്ടാരക്കര പുനലൂർ പത്തനാപുരം കടയ്ക്കൽ
സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന നിലയങ്ങൾ
ചീമേനി (കാസർകോഡ്)
പനമരം, വൈത്തിരി (വയനാട്)
മാവൂർ, തൊണ്ടർനാട് (കോഴിക്കോട്)
നേര്യമംഗലം (എറണാകുളം)
രാജാക്കാട് (ഇടുക്കി)
ആറന്മുള (പത്തനംതിട്ട)
പാലോട്, ഉള്ളൂർ (തിരുവനന്തപുരം)
""
ജില്ലയുടെ കിഴക്കൻ മേഖലയിലെ അത്യാഹിതങ്ങൾ യഥാസമയം നേരിടാൻ ഫയർഫോഴ്സ് സജ്ജമല്ല. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടലുണ്ടാകണം.
ഫയർഫോഴ്സ് അധികൃതർ