
കൊല്ലം: തീരദേശ ഹൈവേയുടെ ഡി.പി.ആറും അലൈൻമെന്റും നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ ഒരുമാസത്തിനകം തയ്യാറാക്കും. ഡി.പി.ആറിന് മുന്നോടിയായി മണ്ണ് പരിശോധന, നിലവിലെ ഗതാഗത സാന്ദ്രത, പദ്ധതി നടപ്പാക്കിയാൽ ഉണ്ടാകുന്ന ഗതാഗത പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയായി. അലൈൻമെന്റ് തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള സർവേ നടപടികൾ ആരംഭിച്ചു.
നേരത്തെ പൊഴിക്കര മുതൽ മയ്യനാട് വരെ തീരദേശ ഹൈവേയുടെ സ്ഥലമേറ്റെടുക്കൽ നടപടികൾ നടന്നിരുന്നു. അന്നത്തെ അലൈൻമെന്റിനെതിരെ പരാതി വ്യാപകമായതോടെയാണ് നാറ്റ്പാക്കിനെ പുതിയ അലൈൻമെന്റും ഡി.പി.ആറും തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്. നിലവിൽ തീരദേശഹൈവേ നിർമ്മാണത്തിന്റെ ഭാഗമായുള്ള ജില്ലയിലെ സ്ഥലമേറ്റെടുക്കൽ നടപടികൾ നിറുത്തിവച്ചിരിക്കുകയാണ്.
കൊല്ലത്തിന് പുറമേ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ഡി.പി.ആറും നാറ്റ്പാക്കാണ് തയ്യാറാക്കുന്നത്. തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ എൻ.എച്ച് 66 ലെ ഗതാഗതക്കുരുക്കിന് വലിയളവിൽ കുറവുണ്ടാകും. ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്ന സമയത്തിന് കുറവുണ്ടാകും. നിലവിൽ തീരദേശമേഖലയിലുള്ള വിവിധ റോഡുകളെ കോർത്തിണക്കി വീതി കൂട്ടിയാണ് തീരദേശ ഹൈവേയുടെ നിർമ്മാണം. നേരത്തെ പൊതുമരാമത്ത് വകുപ്പിലെ ദേശീയപാത വിഭാഗത്തിനായിരുന്നു തീരദേശ ഹൈവേയുടെ നിർമ്മാണ ചുമതല. അടുത്തിടെ കേരളാ റോഡ് ഫണ്ട് ബോർഡിന് കൈമാറി.
നീളം 56 കിലോ മീറ്റർ
1. കാപ്പിൽ, പരവൂർ തെക്കുംഭാഗം, മണിയൻകുളം പാലം, പൊഴിക്കര, മയ്യനാട് ബീച്ച്, കൊല്ലം ബീച്ച്, തങ്കശേരി, തിരുമുല്ലവാരം, നീണ്ടകരയിൽ നിന്ന് ദേശീയപാത വഴി ഐ.ആർ.ഇ ജംഗ്ഷനിലെത്തും
2. ഇവിടെ നിന്ന് വീണ്ടും തീരദേശത്തേക്ക് പോയി പണിക്കർ കടവ്, അഴീക്കൽ, വലിയഅഴീക്കൽ എത്തുന്നതാണ് തീരദേശ ഹൈവേയുടെ ഏകദേശ രൂപരേഖ
3. അലൈൻമെന്റ് അന്തിമമാക്കിയാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ
4. ദേശീയപാതയിലൂടെ കടന്നുപോകുന്നതടക്കം 56 കിലോ മീറ്ററാണ് തീരദേശ ഹൈവേയുടെ ആകെ നീളം
5. നീണ്ടകര മുതൽ ഐ.ആർ.ഇ വരെ നിലവിലെ ദേശീയപാത കടലിനോട് ചേർന്ന് കിടക്കുകയാണ്. അതുകൊണ്ടാണ് ഈ ഭാഗത്ത് തീരദേശഹൈവേ, ദേശീയപാതയിലൂടെ പോകുന്നത്
14 മീറ്റർ വീതി
14 മീറ്റർ വീതിയിലാണ് തീദേശഹൈവേ. ഇതിൽ 9 മീറ്റർ വീതിയിൽ രണ്ട് വരി റോഡാണ്. ഒരു വശത്ത് രണ്ട് മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്കും ഇരുവശങ്ങളിൽ നടപ്പാതയും ഉണ്ടാകും.
""
തീരദേശ ഹൈവേയുടെ ടൂറിസം സാദ്ധ്യത കൂടി പ്രയോജനപ്പെടുത്താനാണ് സൈക്കിൾ ട്രാക്ക് നിർമ്മിക്കുന്നത്. കിഫ്ബിയിൽ നിന്നാണ് പദ്ധതിക്കുള്ള പണം ചെലവഴിക്കുക.
കേരളാ റോഡ് ഫണ്ട് ബോർഡ് അധികൃതർ