കൊല്ലം: പള്ളിത്തോട്ടത്ത് റവന്യു വകുപ്പ് ഏറ്റെടുത്ത അന്യംനില്പ് ഭൂമിയിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്. ഇതോടെ ഈ ഭൂമിയിൽ വിവിധ സർക്കാർ വകുപ്പുകളും ജനപ്രതിനിധികളും സമീപവാസികളും വച്ചുപുലർത്തിയ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി.

സ്വാതന്ത്ര്യാനന്തരം ഹാരിസൺ കൈപ്പിടിയിലാക്കി വച്ചിരുന്ന ഭൂമി അന്യം നില്പ് ഭൂമി എന്ന വ്യവസ്ഥയിൽ ഉൾപ്പെടുത്തിയാണ് രണ്ട് മാസം മുൻപ് റവന്യു വകുപ്പ് ഏറ്റെടുത്തത്. എന്നാൽ ഭൂമി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ഹാരിസൺ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തൽസ്ഥിതി തുടരാനുള്ള കോടതി ഉത്തരവിന് പിന്നാലെ റവന്യു വകുപ്പ് തങ്ങളുടെ പക്കലുള്ള രേഖകൾ സമർപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ഭൂമിക്ക് കരം അടയ്ക്കുന്നില്ല. റീ സർവ്വേ രേഖകളിൽ ഭൂമി ബ്രീട്ടീഷ് പൗരന്റെ ഉടമസ്ഥതയിലാണ് തുടങ്ങിയ വിവരങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്.

സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ, ഇവിടെ ജില്ലാജയിൽ സ്ഥാപിക്കാൻ വിട്ടുനൽകണമെന്ന ആവശ്യവുമായി ജയിൽ അധികൃതർ എത്തിയിരുന്നു. എന്നാൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്ന നിലപാടിലായിരുന്നു എം. മുകേഷ് എം.എൽ.എ. പുറമ്പോക്കിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം വിട്ടുനൽകണമെന്ന ആവശ്യവുമായി പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. ഈ ആവശ്യങ്ങളെല്ലാം ഇപ്പോൾ തുലാസിലായിരിക്കുകയാണ്. റവന്യു രേഖകൾ പ്രകാരം 4.4 ഏക്കർ ഭൂമിയാണ് ഇവിടെയുള്ളത്. തൊട്ടുമുന്നിലുള്ള റോഡിന്റെ വികസനത്തിനായി കുറച്ചുസ്ഥലം നഷ്ടമായിട്ടുണ്ട്. ഏകദേശം മൂന്നര ഏക്കർ അവശേഷിക്കുന്നുണ്ടെന്നാണ് കണക്കുകൂട്ടൽ.

 ഇപ്പോഴും സായിപ്പിന്റെ പേരിൽ

ബ്രിട്ടീഷ് ഭരണകാലത്ത് ഡങ്കൺ സായിപ്പിന്റെ ഉടമസ്ഥതയിലായിരുന്നു പള്ളിത്തോട്ടത്തെ ഈ ഭൂമി. അദ്ദേഹത്തിന്റെ വീടും വിശ്രമകേന്ദ്രവും അടക്കമുള്ള നിർമ്മിതികളാണ് ഇവിടെയുള്ളത്. സ്വാതന്ത്ര്യം ലഭിച്ചതോടെ ഡങ്കൺ സായിപ്പ് ഇവിടെ നിന്ന് മടങ്ങി. പിന്നീട് ഹാരിസൺ മലയാളം പ്ലാന്റേഷൻസ് ഈ ഭൂമി കൈയടക്കി. ഭൂമിയുടെ കാര്യത്തിൽ സർക്കാർ കാര്യമായ ഇടപെടൽ നടത്തിയില്ല. അടുത്തിടെ, ഉപേക്ഷിക്കപ്പെട്ട ഭൂമികളുടെ രേഖകൾ കണ്ടെത്താനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ റീ സർവേ രേഖകളിൽ ഈ ഭൂമി ഡങ്കൺ സായിപ്പിന്റെ പേരിലാണെന്ന് കണ്ടെത്തി. തുടർന്ന് റവന്യു വകുപ്പ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പത്രപ്പരസ്യം നൽകി. ആറ് മാസം കഴി‌ഞ്ഞിട്ടും ആരും സമീപിക്കാതിരുന്നതോടെയാണ് ഏറ്റെടുത്തത്.