mp
ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയത്ത് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെ എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സന്ദർശിച്ചപ്പോൾ

പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽവേ റൂട്ടിലെ പുറമ്പോക്കുകളിൽ വർഷങ്ങളായി താമസിക്കുന്നവർക്ക് റെയിൽവേ ഉദ്യോഗസ്ഥർ നൽകിയ കുടിയൊഴിപ്പിക്കൻ നോട്ടീസ് ഉടൻ പിൻവലിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയത്ത് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയ പത്ത് കുടുംബങ്ങളെ നേരിൽ കണ്ട് വിവരങ്ങൾ അന്വേഷിക്കാൻ എത്തിയതായിരുന്നു എം.പി. ഇടപ്പാളയത്തിന് പുറമെ പുനലൂരിൽ 13കുടുംബങ്ങൾക്കും കഴിഞ്ഞ ആഴ്ചയിൽ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. 2019ൽ റെയിൽവേ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും തുടർന്ന് ഇത് സംബന്ധിച്ച് മദ്രാസ് ഹൈകോടതിൽ ഹർജിയും നൽകി. ഹൈക്കോടതിയിൽ കേസ് നില നിൽക്കെയാണ് വീണ്ടും കുടി യൊഴിപ്പിക്കൽ നോട്ടീസ് നൽകിയത്. ഇത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് എം.പി.പറഞ്ഞു. ഏക പക്ഷീയമായ നിലപാടുകളിൽ നിന്ന് റെയിൽവേ പിന്മാറണം.തെന്മലപഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ്, പഞ്ചായത്ത് അംഗം നാഗരാജ്, ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗം ഇടമൺ ബി.വർഗീസ്. തോമസ് മൈക്കിൾ തുടങ്ങിയ നേതാക്കളും ജനപ്രതിനിധികളും സ്ഥലം സന്ദർശിക്കാൻ എം.പിക്കൊപ്പം എത്തിയിരുന്നു.