 
പത്തനാപുരം : ഓരോ പ്രണയദിനത്തിലും 1985 - 90 കാലഘട്ടങ്ങളിൽ പ്രണയിച്ച് നടന്ന കാലത്തെക്കുറിച്ച് സുശീല ഓർക്കും. അക്കാലത്തുമാത്രമാണ് സന്തോഷമായിട്ടിരുന്നിട്ടുള്ളത്. പിന്നീട് ദുഖത്തിന്റെ നാളുകയായിരുന്നു. പത്തനാപുരം കടയ്ക്കാമണ്ണിൽ അടുത്തടുത്ത വീടുകളിലായിരുന്നു സുശീലയുടെയും ബാബുവിന്റെയും താമസം. ഒരേ പ്രായക്കാരയതിനാൽ സുശീലയുടെ വീട്ടുകാർ ഇവരുടെ പ്രണയത്തെ എതിർത്തു. ഒടുവിൽ എതിർപ്പ് അവഗണിച്ച് അവർ ഒന്നിച്ചു . ഇപ്പോൾ കടയ്ക്കാമൺ കോളനി പ്ലോട്ട് നമ്പർ 6 ലാണ് ബാബുവും സുശീലയും രണ്ട് മക്കളുമായി താമസിക്കുന്നത്.
മക്കളായ മനുവും നന്ദുവും ബുദ്ധിമാന്ദ്യമുള്ളവരാണ്. അവരുടെ ചികിത്സയ്ക്കായി ഒരു പാട് പണം ചെലവഴിച്ചു. പ്രയോജനം കണ്ടില്ല. ഇപ്പോൾ മൂത്തവന് 28 ഉം ഇളയവന് 25 ഉംആണ് പ്രായം.
ഈ കുടുംബത്തിന്റെ ദുരിതങ്ങൾക്ക് അറുതിയില്ലെന്ന് പറയാം. 2004 ൽ ലോഡിംഗ് തൊഴിലാളിയായിരുന്ന ബാബുവിന്റെ ദേഹത്ത് തടി വിണ്, അരയ്ക്ക് താഴെ തളർന്നു. വീൽചെയറിന്റെ സഹായത്താലാണ് ബാബു കഴിയുന്നത്. മാസത്തിൽ രണ്ട് പ്രാവശ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോകണം . ഇതിനായുള്ള ടാക്സി വാടക കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായി. ബാബുവിനെ ആശുപത്രിയിലും മറ്റും കൊണ്ടു പോകുന്നതിനായി പഴയ ഒരു ഓട്ടോറിക്ഷ വാങ്ങി. സുശീല ഓട്ടോ ഡ്രൈവിംഗ് പരിശിലിച്ച് ലൈസൻസെടുത്തു.
ബാബു കിടപ്പിലായതു മുതൽ സുശീല പലവിധ ജോലികൾ ചെയ്താണ് കുടുംബം പോറ്റുന്നത്. വീടിനോട് ചേർന്ന് ചെറിയ ചായക്കട നടത്തുന്നു. ഇത് കൂടാതെ റബർ ടാപ്പിംഗ്, മരചീനി വിലയ്ക്കെടുത്ത് പിഴുത് വില്പന, തൊഴിലുറപ്പ്, സ്വന്തമായി ലൈറ്റ് ആൻഡ് സൗണ്ട് വർക്ക് (മൈക്ക് സെറ്റ് ) , ഇലക്ട്രിക്കൽ വർക്ക്, മെറ്റീരിയിലുകൾ വാങ്ങി സീരിയൽ ബൾബുകളും ട്യൂബുകളും ബാബുവും സുശീലയും ചേർന്ന് വീട്ടിലിരുന്ന് നിർമ്മിക്കും. ക്ഷേത്രങ്ങളിലും വിവാഹ വീടുകളിലും മറ്റും ലൈറ്റ് സെറ്റിന്റെ പണികൾ ചെയ്യുന്നത് സുശീലയാണ്. സുശീല എവിടെ പോയാലും മക്കളെ ഒപ്പം കൂട്ടും. വീട്ടിൽ മക്കളെ നിറുത്തിയിട്ട് പോകാനാകില്ല. സഹായത്തിന് ബന്ധുക്കളുമില്ല .സുമനസുകളുടെ സഹായം സുശീലയുടെ കുടുംബത്തിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സുശീലയുടെ പേരിൽ പത്തനാപുരം യൂണിയൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
No.62370201000392. Ifc. Code.UBIN0562378.