കൊല്ലം: പള്ളിമുക്ക് വടക്കേവിള നഗറിൽ ആറ് മാസമായി കുടിവെള്ളം മുടങ്ങിയിട്ടും പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തത്തിൽ പ്രതിഷേധിച്ച് ഡിവിഷൻ കൗൺസിലർ സജീവിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ ഉപരോധിച്ചു. എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന് പള്ളിത്തോട്ടം സി.ഐയുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥർ രേഖമൂലം എഴുതി നൽകിയതോടെയാണ് ഒരു മണിക്കൂർ നീണ്ട ഉപരോധസമരം അവസാനിപ്പിച്ചത്.

വയൽക്കരയിൽ ആയതിനാൽ ഈ മേഖലയിലെ കിണർജലം ഓരുകലർന്നതാണ്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയതോടെ ഇവിടുത്തുകാർ പണം കൊടുത്താണ് കുടിവെള്ളം വാങ്ങിയിരുന്നത്. താൻ അഞ്ച് തവണ കത്ത് നൽകിയിട്ടും പ്രശ്നം എന്താണെന്ന് പരിശോധിക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് സജീവ് ആരോപിച്ചു. ഇതിനിടെ എം. നൗഷാദ് എം.എൽ.എയും ഉദ്യോസ്ഥരോട് ഇക്കാര്യം ഉന്നയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച താൻ വീണ്ടുമെത്തി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനാലാണ് സമരം സംഘടിപ്പിച്ചതെന്നും സജീവ് പറഞ്ഞു. ഇന്നലെ രാവിലെ 11ഓടെ വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനീയറുടെ നേതൃത്വത്തിൽ എക്സിക്യുട്ടീവ് എൻജിനീയർ, അസി. എക്സിക്യുട്ടീവ് എൻജിനീയർ എന്നിവർ പങ്കെടുത്തുള്ള വകുപ്പുതല ഓൺലൈൻ മീറ്റിംഗ് അവസാനിച്ചതോടെയായിരുന്നു സമരം. സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ റോഷൻ, സബീർ, അനിൽകുമാർ എന്നിവരും ഉപരോധസമരത്തിൽ പങ്കെടുത്തു.