ഓച്ചിറ: നീണ്ട കാത്തിരുപ്പിന് ശേഷം മഠത്തിൽക്കാരാണ്മ തീപ്പുര മുഹമ്മദ് കുഞ്ഞ് സ്മാരക 71-ാം നമ്പർ അങ്കണവാടിയുടെ പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ കളിയും ചിരിയും പാട്ടും ഡാൻസും കൊണ്ട് തുടക്കദിവസം തന്നെ മനോഹരമായി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീ തൊഴിലാളികൾ നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞിരുന്നെങ്കിലും കൊവിഡ് കാരണം അങ്കണവാടി കെട്ടിടം തുറന്നില്ല. 2020 നവംബർ രണ്ടിനാണ് 17 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടവും ചുറ്റുമതിലും നിർമ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം നടന്നത്. നീണ്ടകാത്തിരിപ്പ് വേണ്ടിവന്നെങ്കിലും സ്വപ്നം സഫലമായ സന്തോഷത്തിലാണ് ഗ്രാമപഞ്ചായംഗം മാളു സതീഷും ടീച്ചർ സരസമ്മയും നിർമ്മാണത്തിന് നേതൃത്വം നൽകിയ തൊഴിലുറപ്പ് തൊഴിലാളികളും.