കൊല്ലം: ഒരിറ്റു കുടിവെള്ളത്തിനായി മൂന്നാഴ്ചയോളം അലഞ്ഞ പള്ളിമുക്ക് മണക്കാട് പണിക്കർക്കുളം ക്രസന്റ് നഗറിലെ 30 കുടുംബങ്ങൾക്ക് ആശ്വാസം. ഇവിടത്തെ വാട്ടർ അതോറിട്ടി ഹൗസ് കണക്ഷനുകളിൽ കഴിഞ്ഞദിവസം മുതൽ കുടിവെള്ളം എത്തിത്തുടങ്ങി. ക്രസന്റ് നഗറിലെ കുടുംബങ്ങൾ ദുരിതം ചൂണ്ടിക്കാട്ടി 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
ക്രസന്റ് നഗറിലെ ടാപ്പുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളം നിലയ്ക്കുന്നതായിരുന്നു പതിവ്. പ്രദേശവാസികൾ അധികൃതരോട് പലതവണ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തൊട്ടടുത്ത പ്രദേശങ്ങളിൽ കുടിവെള്ളം എത്തുമ്പോഴും ക്രസന്റ് നഗറിൽ മാത്രമായിരുന്നു തടസം. പ്രതിഷേധം ശക്തമായതോടെ വാട്ടർ അതോറിട്ടി അധികൃതരെത്തി റോഡ് വക്കുകളിലെ പൈപ്പുകൾ പരിശോധിച്ചെങ്കിലും തടസം കണ്ടെത്താനായില്ല. ക്രസന്റ് നഗറിലേക്കുള്ള പൈപ്പ് ലൈൻ പ്രദേശത്തെ പി.ഡബ്ല്യു.ഡി റോഡ് മുറിച്ചുകടന്നാണ് എത്തുന്നത്. ഈ റോഡിന് അടിയിലെ പൈപ്പ് ലൈനിലാകാം തടസമെന്ന് നിഗമനം ഉണ്ടായെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. സ്ഥലം കൗൺസിലർ റോഡ് മുറിച്ച് പൈപ്പ് പരിശോധിക്കാൻ വാട്ടർ അതോറിട്ടി ഓഫീസ് കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥർ അനങ്ങിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്. ഇതോടെ വാട്ടർ അതോറിട്ടി അധികൃതർ പൊതുമരാമത്ത് വകുപ്പിൽ നിന്നു അനുമതി വാങ്ങി റോഡ് മുറിച്ച് പൈപ്പിലെ തടസം നീക്കുകയായിരുന്നു.
പൈപ്പ് ലൈനിൽ നിന്നുള്ള കുടിവെള്ളം മുടങ്ങിയതോടെ വാട്ടർ അതോറിറ്റി ടാങ്കർ ലോറികളിൽ ഇവിടെ വെള്ളം എത്തിച്ചിരുന്നു. എന്നാൽ ക്രസന്റ് നഗറിലെ പല വഴികളും ഇടുങ്ങിയതായതിനാൽ എല്ലാ വീടുകളിലും ടാങ്കർ ലോറി എത്തിയിരുന്നില്ല.