pho
പുനലൂരിലെ ചരിത്ര സ്മരകമായ തൂക്ക്പാലം നവീകരിച്ച് മോടി പിടിപ്പിക്കുന്നതിൻെറ മുന്നോടിയായി പി.എസ്.സുപാൽ എം.എൽ.എയുടെ നേതൃത്വത്തിലുളള ജന പ്രതിനിധികളും, ഉദ്യോഗസ്ഥരും തൂക്ക് പാലം സന്ദർശിക്കുന്നു.

പുനലൂർ: ചരിത്ര സ്മരകമായ പുനലൂരിലെ തൂക്ക്പാലം വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന തരത്തിൽ മോടി പിടിപ്പിക്കാനൊരുങ്ങുന്നു. തുക്ക് പാലത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനൊപ്പം പുനലൂരിലെ ടൂറിസം മേഖലയുടെ അനന്തസാദ്ധ്യതകളെ സംബന്ധിച്ച് ആലോചിക്കാൻ സംസ്ഥാന പുരാവസ്തു വകുപ്പിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിൽ പി.എസ്.സുപാൽ എം.എൽ.എ പുനലൂരിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.നവീകരണത്തിനായി ബഡ്ജറ്റിൽ ഉൾപ്പെടുത്തി പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തുവകുപ്പ് മന്ത്രിക്ക് രണ്ട് ദിവസം മുമ്പ് എം.എൽ.എ നിവേദനം നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇന്നലെ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സംയുക്ത യോഗം ചേർന്നത്.

നഗരസഭയിൽ ഒരു പാർക്ക്

കിഴക്കൻ മലയോരത്ത് ടൂറിസങ്ങൾക്കുളള കവാടമെന്ന നിലയിൽ പുനലൂർ തൂക്ക്പാലവും സമീപ പ്രദേശങ്ങളും ഉൾപ്പെടുത്തി ആകർഷകമായ പ്രൊജക്ട് തയ്യാറാക്കി നൽകാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തൂക്ക് പാലത്തിന്റെ പൂർണ സംരക്ഷണം ഉറപ്പ് വരുത്തി കൊണ്ട് ടൂറിസം കൂടി പ്രമോട്ട് ചെയ്യുന്ന നിലയിൽ സംസ്ഥാന പുരാവസ്തു വകുപ്പും ഡി.ടി.പി.സിയും സംയുക്തമായി ചേർന്നാണ് പ്രൊജക്ട് തയ്യാറാക്കുന്നത്. തെന്മല ഇക്കോ ടൂറിസം മേഖലയും ക്ലബ് ചെയ്തു കൊണ്ടുളള പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ നിലയിലായിരിക്കണം പുതിയ പ്രൊജക്ട് തയ്യാറാക്കേണ്ടതെന്നു യോഗത്തിൽ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. പുനലൂർ നഗരസഭയിൽ ഒരു പാർക്ക് എന്ന ജനങ്ങളുടെ ദീർഘ നാളത്തെ ആവശ്യം കണക്കിലെടുത്ത് തൂക്ക് പാലവും അനുബന്ധ ഭൂമിയും ഉൾപ്പെടുത്തിയാകും പ്രൊജക്ട് തയ്യാറാക്കുക.

ബ്രിട്ടീഷുകാർ നിർമ്മിച്ച പാലം

1877ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പുനലൂരിലെ തൂക്ക് പാലം മൂന്ന് വർഷം മുമ്പ് 1.25കോടി രൂപ ചെലവഴിച്ച് നവീകരിച്ചിരുന്നു. അന്ന് നടന്ന സമർപ്പണവേളയിൽ തൂക്ക് പാലത്തിൽ പൂന്തോട്ടവും അലങ്കാര ലൈറ്റുകളും ഇരിപ്പിടങ്ങളും ഒരുക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇത് സംബന്ധിച്ച് കേരളകൗമുദി നിരന്തരം വാർത്ത നൽകിയിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പി.എസ്.സുപാൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സംയുക്ത യോഗം ചേർന്ന് തൂക്ക് പാലം മോടി പിടിപ്പാക്കൻ തീരുമാനിച്ചത്. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, പുരാവസ്തു ഡയറക്ടർ ദിനേശൻ, ഡി.ടി.പി.സി സെക്രട്ടറി രമ്യ,പുരാവസ്തു കൺസർവേഷൻ എൻജിനീയർ ഭൂപേഷ് തുടങ്ങിയ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.