കൊല്ലം: ഓടിക്കൊണ്ടിരുന്ന മിനിലോറിയ്ക്ക് തീ പിടിച്ചു. ഡ്രൈവറും ഉടമയും ഉടൻ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. വണ്ടിയുടെ മുൻവശവും കാബിനും പൂർണമായും കത്തിനശിച്ചു.
ഇന്നലെ പുലർച്ചെ 5.30 ഓടെ പള്ളിത്തോട്ടത്താണ് അപകടം. വർക്കല സ്വദേശിയായ ലിജിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. വാഹനത്തിന്റെ ഡാഷ് ബോർഡിലുണ്ടായിരുന്ന തമിഴ്‌നാട് പെർമിറ്റ്, ലൈസൻസ്, ആധാർകാർഡ്, തിരിച്ചറിയിൽ രേഖകൾ, ലിജിന്റെ പേഴ്‌സിലുണ്ടായിരുന്ന 25,000 രൂപ എന്നിവ അഗ്നിക്കിരയായി.

ലിജിനും ഡ്രൈവറായ കാർത്തിക്കും വർക്കലയിൽ നിന്ന് പൊള്ളാച്ചിക്ക് പോകുമ്പോഴാണ് അപകടം. പച്ചക്കറിയും കുടമ്പുളിയും പൊള്ളാച്ചിയിൽ നിന്നെത്തിച്ച് വെമ്പായത്ത് കച്ചവടം ചെയ്യുകയാണ് ലിജിൻ.

ലോഡെടുക്കാനായി വെമ്പായം വഴിയാണ് സ്ഥിരമായി പോകാറ്. ഇത്തവണ വർക്കലയിൽ നിന്ന് വന്നതിനാൽ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചു. എസ്.എൻ കോളേജ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് റെയിൽവേ ഓവർ ബ്രിഡ്ജ് വഴിയാണ് ഗൂഗിൾ മാപ്പ് കാട്ടിയത്. ഇതുവഴി വരുമ്പോൾ പള്ളിത്തോട്ടം റോഡിൽവച്ചാണ് വാഹനത്തിന്റെ മുൻവശത്തുനിന്ന് തീ ഉയർന്നത്.

ഉടൻ ഇരുവരും വണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടി. സ്ഥലത്തുണ്ടായിരുന്ന സ്ത്രീ അഗ്‌നിരക്ഷാസേനാ ഓഫീസ് അടുത്തുതന്നെയാണെന്ന വിവരം നൽകി. അതുവഴി വന്ന ഇരുചക്ര വാഹനയാത്രക്കാരനൊപ്പം കാർത്തിക് ഓഫീസിലെത്തി വിവരമറിയിച്ചതനുസരിച്ചാണ് സ്റ്റേഷൻ ഓഫീസർ ബി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് എത്തി തീ അണച്ചത്.