
കൊല്ലം: വിവാഹജീവിതത്തെ പുതിയ തലമുറ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ. ആശ്രാമം സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന അദാലത്തിലാണ് കമ്മിഷന്റെ പരാമർശം. കമ്മിഷൻ അംഗങ്ങളായ ഷാഹിദാ കമാൽ, എം.എസ്. താര, കൗൺസിലർ സിസ്റ്റർ സംഗീത തുടങ്ങിയവർ പങ്കെടുത്തു.
വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിൽ തന്നെ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടാകുന്നെന്ന പരാതിയുമായി നിരവധി സ്ത്രീകളാണ് കമ്മിഷനെ സമീപിക്കുന്നത്. സാഹചര്യങ്ങൾ മനസിലാക്കി ഒരുമിച്ചു മുന്നോട്ട് പോകണമെന്നും കമ്മിഷൻ വ്യക്തമാക്കി. അദാലത്തിൽ 85 പരാതികൾ പരിഗണിച്ചു. 11 എണ്ണം തീർപ്പാക്കി. 10 പരാതികൾ റിപ്പോർട്ട് തേടുന്നതിനായും 64 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി. അദാലത്ത് ഇന്നും തുടരും.