 
എഴുകോൺ: പഞ്ചായത്തിൽ കുടിവെള്ള വിതരണം തുടർച്ചയായി മുടങ്ങുന്നതിനെ തുടർന്ന് എഴുകോൺ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര വാട്ടർ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ജല ജീവൻ പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളിൽ പോലും മാസങ്ങളായി കുടിവെള്ള വിതരണം മുടങ്ങിയത്തിൽ പ്രതിഷേധിച്ചാണ് എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ കൊട്ടാരക്കര വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിൽ എത്തിയത്. ജലജീവൻ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോഴും ഒന്നാം ഘട്ടം പൂർത്തിയായ മലവിള, ഇടയ്ക്കോട്, പ്ലാക്കാട്, സെന്റ് ജോൺസ്, പാറയ്ക്കൽ, കടയ്ക്കോട് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ മാസങ്ങളായി ജലവിതരണം നടക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സാങ്കേതിക കാരണങ്ങളാണ് വിതരണം തടസപ്പെട്ടതിന് പിന്നിലെന്ന് കൊട്ടാരക്കര വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു. പൈപ്പ് പൊട്ടിയതും പമ്പ് സെറ്റ് കേടായതും ചില ഭാഗങ്ങളിൽ ജലവിതരണം മുടക്കി. ജല ജീവൻ പദ്ധതി ആരംഭിച്ചപ്പോൾ പൈപ്പ് കണക്ഷനുകൾ കൂടിയതിനാൽ ഉയരം കൂടിയ മേഖലകളിൽ വെള്ളമെത്താൻ താമസം നേരിടുന്നുണ്ടെന്നും എ. ഇ. ഇ പറഞ്ഞു. എഴുകോൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിരാ ജോൺസൺ, പഞ്ചായത്ത് അംഗങ്ങളായ ബിജു ഏബ്രഹാം, ബീനാ മാമച്ചൻ, പ്രീതാ കനകരാജ്, മഞ്ജു രാജ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.