jail

കൊല്ലം: വർക്കലയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് കൊല്ലം ഈസ്റ്റ് സ്റ്റേഷനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം കുന്നടികിഴക്കതിൽ വീട്ടിൽ ആകാശാണ് (19) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സെല്ലിനുള്ളിലെ ടോയ്‌ലെറ്റിലെ ടാപ്പ് തുറന്നുവിട്ട ശേഷം ഭിത്തിയിൽ പാകിയിരുന്ന തറയോട് പൊട്ടിച്ചെടുത്ത് കൈഞരമ്പ് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകിയ ശേഷം വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ 11ന് രാത്രി വർക്കല പാലച്ചിറയിലുളള ഫ്‌ളാറ്റിന് സമീപം സൂക്ഷിച്ചിരുന്ന പൾസർ ബൈക്കാണ് ആകാശ് മോഷ്ടിച്ചത്. ഇന്നലെ രാവിലെ കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുവച്ച് പട്രോളിംഗ് സംഘത്തെ കണ്ട് ആകാശ് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് പിന്തുടർന്ന് പിടികൂടി. പരിശോധനയിൽ ബൈക്ക് അയിരൂരുള്ള പ്രവാസിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഈസ്റ്റ് എസ്.ഐ രതീഷ് കുമാർ, കൺട്രോൾ റൂം എസ്.ഐ ജയലാൽ, എ.എസ്.ഐ ഗുരുപ്രസാദ്, സി.പി.ഒമാരായ സജീവ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.