കൊട്ടാരക്കര: കൊവിഡ് കാലത്ത് നിറുത്തിവച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് വർഷങ്ങളായി സർവീസ് നടത്തിയിരുന്ന കിഴക്കേത്തെരുവ്, പട്ടമല, വെട്ടിക്കവല,കണ്ണംകോട് ,ചിരട്ടക്കോണം ,പച്ചൂർ ബസ് സർവീസുകളാണ് കഴിഞ്ഞ കുറേ നാളുകളായി നിറുത്തി വച്ചത്. നിരവധി ആളുകളാണ് ബസില്ലാത്തതിനാൽ ദുരിതത്തിലായിരിക്കുന്നത്.
സ്വകാര്യ വാഹനങ്ങൾ ആശ്രയം
കൊവിഡ് നിയന്ത്രണ വിധേയമായതിനെ തുടർന്ന് സ്കൂളുകൾ ഉൾപ്പടെ തുറന്ന സാഹചര്യത്തിൽ നിറുത്തലാക്കിയ മുഴുവൻ ബസ് സർവീസുകളും പുനരാരംഭിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവിടെ സ്കൂൾ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സർക്കാർ ജീവനക്കാർക്കുമുള്ള ഏക യാത്രാ സൗകര്യം കെ.എസ്.ആർ.ടി.സി ബസുകൾ ആണ്. ഇപ്പോൾ അമിത കൂലി നൽകി സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യബസുകളുടെ എണ്ണവും കുറഞ്ഞതോടെ ഉള്ള ബസുകളിൽ കുത്തിനിറച്ച് യാത്രചെയ്യേണ്ട അവസ്ഥയിലാണ് ആളുകൾ. കൊവിഡിനെതുടർന്ന് വെട്ടിക്കുറച്ച സർവീസുകൾ പുനരാരംഭിച്ച് യാത്രക്കാരുടെ ദുരിതമവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്ന് യാത്രക്കാർ പറയുന്നു.