 
കൊല്ലം: സ്വന്തമായി അടച്ചുറപ്പുള്ള ഒരു കിടപ്പാടം എന്ന സ്വപ്നം പൂർത്തീകരിക്കാൻ മൂന്ന് കുടുംബങ്ങൾക്ക് 13 സെന്റ് ഭൂമി സൗജന്യമായി നൽകി പാവുമ്പ പൊന്നമ്പിൽ രാജേന്ദ്രൻ പിള്ള.
തഴവ പാവുമ്പ പാലമൂട് ജംഗ്ഷന് സമീപം വർഷങ്ങൾക്ക് മുൻപ് വാങ്ങിയ 46 സെന്റിൽ നിന്ന് വീട് നിർമ്മാണത്തിന് മൂന്ന് സെന്റ് വീതവും നാലു സെന്റോളം വഴിക്കുമാണ് രാജേന്ദ്രൻ പിള്ള നൽകിയത്. ലൈഫ് പദ്ധതിയുടെ ഭാഗമായ 'മനസ്സോടിത്തിരി മണ്ണ്' എന്ന കാമ്പയിനിന്റെ ഭാഗമായാണ് ഭൂമിദാനം. പാവുമ്പ സ്വദേശികളായ കൃഷ്ണകൃപയിൽ സുധ, പോക്കാട്ട് രശ്മി, മഞ്ചാടിയിൽ സുരേഷ് എന്നിവരുടെ കുടുംബങ്ങൾക്കാണ് ഇതോടെ സ്വന്തമായി ഭൂമിയായത്. രാജേന്ദ്രൻപിള്ളയാണ് ഇവർക്ക് ഭൂമി നൽകാൻ നിർദ്ദേശിച്ചത്. തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ബോട്ടണി അദ്ധ്യാപകനാണ് രാജേന്ദ്രൻ പിള്ള. വസ്തു ലഭിച്ചതിൽ രണ്ടുപേർ രാജേന്ദ്രൻപിള്ളയുടെ പൂർവ വിദ്യാർത്ഥികളും ഒരാൾ അയൽവാസിയുമാണ്. തഴവ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞു. രാജേന്ദ്രൻപിള്ളയെ കളക്ട്രേറ്റിലെ ചേബറിൽ നടന്ന ചടങ്ങിൽ കളക്ടർ അഫ്സാന പർവീൺ ആദരിച്ചു. ലൈഫ് മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ടി.കെ. സയൂജ, എ.ഡി.സി ജനറൽ ആർ. അജയകുമാർ, തഴവ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ ചന്ദ്രപ്പൻ, ലൈഫ് മിഷൻ ഉദ്യോഗസ്ഥ പി. രമ്യ തുടങ്ങിയവർ പങ്കെടുത്തു.