 
കുണ്ടറ: കേരളപുരത്ത് ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്റണംവിട്ടുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. വഴിയരികിൽ ബസ് കാത്തുനിന്ന പത്താം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടു പേർക്കും കാർ ഡ്രൈവർക്കും വഴിയരികിൽ പാർക്കുചെയ്തിരുന്ന ഇലക്ട്രിക് ഓട്ടോയുടെ ഡ്രൈവർക്കുമാണ് പരിക്കേറ്റത്.
കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഇന്നലെ രാവിലെ ഏഴോടെ പെരുമ്പുഴ റോഡിലേക്കു തിരിയുന്ന ജംഗ്ഷന് സമീപം ആണ് അപകടമുണ്ടായത്. വിദ്യാർത്ഥിനികളായ അഞ്ചുമുക്ക് സ്വദേശി ആഷിബ (15), കേരളപുരം സ്വദേശി നിജാന (15), ഓട്ടോ ഡ്രൈവർ കോവിൽമുക്ക് സ്വദേശി ഹരികുമാർ (50), കൊല്ലത്തെ സഹകരണ ആശുപത്രി സൂപ്രണ്ട് ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. ലോറിക്ക് മുന്നിൽ പോവുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചതാണ് അപകട കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പതറിപ്പോയ ഡ്രൈവർ പെട്ടെന്ന് കാർ ഇടത്തേക്ക് വെട്ടിച്ചതോടെ പിന്നിലെ മിനിലോറിയിൽ ഇടിച്ചു. ഇതോടെ നിയന്ത്റണംവിട്ട് വിദ്യാർത്ഥിനികളെയും ഓട്ടോയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. കേരളപുരത്ത് ദേശീയപാതയുടെ വീതി കൂട്ടുകയാണ്. ഇതിനായി മുറിച്ചിട്ട മരങ്ങൾക്കു മുകളിലേക്ക് ഇടിച്ചുകയറിയാണ് കാർ നിന്നത്. പരിക്കേറ്റവരെ ലോറി ഡ്രൈവറുടെ നേതൃത്വത്തിൽ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.