thazhava
thazhava

തഴവ: മുത്തേരി മുക്ക് റോഡിന് സമാന്തരമായി ഓട നിർമ്മാണം ആരംഭിച്ചതോടെ യാത്രക്കാർക്കും പരിസരവാസികളും ആശ്വാസത്തിലാണ്. ഏകദേശം 800 മിറ്ററോളം നീളമുള്ള ഈ റോഡിലൂടെ വഷങ്ങളായി മഴക്കാലത്ത് കാൽനടയാത്രപോലും സാധിക്കില്ലായിരുന്നു. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം മാറ്റാൻ യാതൊരു മാർഗവുമുണ്ടായിരുന്നില്ല. കീഴ്നെല്ലൂർ ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങളും എതാണ്ട് 150 ഓളം കുടുംബങ്ങൾക്കും സഞ്ചാരത്തിന് ഏക മാർഗമായിരുന്ന ഈ റോഡിനെ പഞ്ചായത്തും കൈവിട്ട അവസ്ഥയിലായിരുന്നു.

അധികൃതർ കൈവിട്ട റോഡ്
ഒരു വാർഡിന് പ്രാദേശിക വികസന ഫണ്ടിൽ നിന്ന് സാധാരണ ഗതിയിൽ പരമാവധി 9 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്. എന്നാൽ ഈ റോഡ് പുനർനിർമ്മാണത്തിന് 50 ലക്ഷത്തിലധികം ചെലവ് വരുമെന്നതിലാണ് അധികൃതർ കൈവിട്ടത്.

റീബിൽഡ് കേരളയിൽ

2017 - 18 ൽ വെള്ളപൊക്ക ദുരിതാശ്വാസ നിധിയിൽ നിന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ 8 ലക്ഷം രൂപ റോഡ് നവീകരണത്തിന് അനുവദിച്ചെങ്കിലും എസ്റ്റിമേറ്റ് എടുത്തതല്ലാതെ തുടർനടപടി ഉണ്ടായില്ല.

നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് 350 മീറ്റർ നീളത്തിൽ ഓട നിർമ്മാണം ആരംഭിച്ചത്. ഓട നിർമാണം പുർത്തിയാകുന്നതോടെ തന്നെ പ്രദേശവാസികൾക്ക് മഴക്കാല ദുരിതം ഒഴിവാകും. തുടർന്ന് തീരദേശ ഫണ്ട് പ്രയോജനപ്പെടുത്തി റോഡ് നവീകരണം പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. കേരളകൗമുദി വാർത്തയെ തുടർന്നാണ് മുൻ എം.എൽ. എ ഫണ്ട് അനുവദിക്കാൻ മുൻകൈയ്യെടുത്തത്.