bike
നമ്പർപ്ലേറ്റ് മടക്കിവെച്ച് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഓടിച്ച വാഹനം പിടികൂടി പരിശോധിയ്ക്കുന്നു.

പടിഞ്ഞാറേകല്ലട : കുന്നത്തൂർ താലൂക്കിൽ കഴിഞ്ഞദിവസം 'ഓപ്പറേഷൻ സൈലൻസ് ' എന്ന പേരിൽ ആരംഭിച്ച വാഹനപരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ് മെന്റ് സ്ക്വാഡ് നിരവധി വാഹനങ്ങൾ പിടികൂടി , കേസെടുത്തു. സൈലൻസർ രൂപമാറ്റം വരുത്തിയ പതിനാല് വാഹനങ്ങൾക്കെതിരെയാണ് കേസെടുത്തത്. താലൂക്കിൽ വളരെ വ്യാപകമായി സൈലൻസർ രൂപമാറ്റം വരുത്തി റോഡിലൂടെ കാതടപ്പിയ്ക്കുന്ന ശബ്ദത്തിൽ അമിത വേഗതയിൽ വാഹനമോടിച്ച് അപകടം വരുത്തുന്ന യുവാക്കൾക്കെതിരെ പൊതുജനങ്ങളുടെ പരാതിയും കേരളകൗമുദി വാർത്തയുമുണ്ടായിരുന്നു. തുടർന്നാന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ വാഹന പരിശോധനയ്ക്ക് കർശന നിർദ്ദേശം നല്കിയത്. പിറകുവശത്തെ നമ്പർ പ്ലേറ്റ് മടക്കിവെച്ച് ചെക്കിംഗ് ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്ന വാഹനങ്ങളും നിരത്തിലുണ്ട്.

പതിനെട്ടായില്ലേൽ സൂക്ഷിച്ചോ

പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കുട്ടിയുടെ രക്ഷകർത്താക്കളോ വാഹന ഉടമയോ രണ്ടു വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയോ 25,000 രൂപ പിഴ അടയ്ക്കുകയോ ചെയ്യേണ്ടിവരും. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിക്ക് 25 വയസ് വരെ ലൈസൻസ് എടുക്കുവാൻ അനുവദിക്കുന്നതുമല്ല.

പരിശോധന കർശനമാക്കും
വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് കുന്നത്തൂർ ജോയിന്റ് ആർ.ടി.ഒ. ആർ ശരത്ചന്ദ്രൻ അറിയിച്ചു. പരിശോധനയിൽഎൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. ദിലീപ് കുമാർ ,എ. എം .വി .ഐ .മാരായ ബിജോയ്, ശ്രീകുമാർ , അനസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു..