തഴവ: കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ലേബലിൽ ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലെത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം. കെ. ഡാനിയേൽ പറഞ്ഞു. നാളികേരത്തിൽ നിന്ന് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ ഉത്പ്പാദിപ്പിക്കുന്നതിനായി ചിറ്റുമൂലയിലെ കോക്കനട്ട് നഴ്സറി ഫാമിൽ പ്രവർത്തനക്ഷമമാക്കിയ കൊപ്ര ഡ്രയർ യൂണിറ്റിന്റെയും മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളിച്ചെണ്ണക്ക് പുറമേ വിനാഗിരി, പിണ്ണാക്ക് എന്നിവയും ഉത്പ്പാദിപ്പിക്കും. 2022 ൽ തന്നെ പദ്ധതി യാഥാർത്ഥ്യമാക്കുവാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് സുമലാൽ അദ്ധ്യക്ഷയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ് .കല്ലേലിഭാഗം പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖൻ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, സെക്രട്ടറി ബിനുൻ വാഹിദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജിത്ത്, ഫാം കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.